പാലക്കാട്: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ നെല്ലറയുടെ രാഷ്ട്രീയം മാറിമറിയുകയാണ്. ഇടതിനോട് ചേര്‍ന്നിരുന്ന പാലക്കാട് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പോടെ വലത്തോട്ട് മാറുന്ന കാഴ്ച ദൃശ്യമായി. ഒപ്പം ദേശീയതയിലൂന്നിയ ബിജെപിയുടെ സാന്നിധ്യം വ്യാപകമാകുകയും ചെയ്തു. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മടുത്ത ഒത്തുതീര്‍പ്പ് രാഷ്ട്രിയവും ഒന്നര വര്‍ഷക്കാലത്തെ മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും കൂടിയായപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് വാശിയേറിയ ത്രികോണ മത്സരമായിരിക്കുകയാണ്.
2005 ല്‍ ജില്ലയില്‍ ബിജെപിക്ക് 19 പഞ്ചായത്തുകളിലായി 27 സീറ്റാണ് ഉണ്ടായിരുന്നത്. പാലക്കാട് നഗരസഭയില്‍ എട്ടുസീറ്റും. 2010 ല്‍ 20ലേറെ പഞ്ചായത്തുകളില്‍ സാന്നിധ്യം തെളിയിച്ച് 44 സീറ്റ് നേടി. പാലക്കാട് നഗരസഭയില്‍ ഒറ്റക്ക് 15 സീറ്റ് നേടി. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭകളില്‍ മൂന്നുസീറ്റ് വീതം നേടി. മിക്ക പഞ്ചായത്തുകളിലും വോട്ടിങ്ങ് ശതമാനത്തില്‍ നല്ല ഉയര്‍ച്ചയും ലഭിച്ചു.
ഇക്കുറി പാലക്കാട് നഗരസഭയില്‍ ഒറ്റക്ക് ഭരണം നേടുകയെന്ന ലക്ഷ്യത്തിലുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി നഗരസഭകളില്‍ ഭരണം പിടിക്കാനായില്ലെങ്കിലും പ്രധാന പ്രതിപക്ഷമാകുമെന്ന പ്രതിക്ഷയും പാര്‍ട്ടിക്കുണ്ട്. പട്ടാമ്പി, മണ്ണാര്‍ക്കാട് നഗരസഭകളിലും നില മെച്ചപ്പെടുത്തും. എസ്എന്‍ഡിപിക്ക് പൊതുവില്‍ വേരോട്ടമുള്ള ജില്ലയാണ് പാലക്കാട് എന്നത് ബിജെപിക്ക് അനുകൂലമാകും.
ഇക്കുറി ജില്ലയിലെ പഞ്ചായത്തുകളുടെ എണ്ണം 91ല്‍ നിന്ന് 88 ആയി. നഗരസഭകള്‍ നാലില്‍നിന്ന് ഏഴായി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം മുപ്പതായി ഉയര്‍ന്നു. 88 പഞ്ചായത്തുകളിലായി 1490 വാര്‍ഡുകളിലേക്കും 13 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ഏഴ് നഗരസഭകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: