കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളി നേരിടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കൂനിന്മേല് കുരുവായി ബാര്‍ക്കോഴ കേസിലെ വിജിലന്‍സ് കോടതി വിധി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന നിയമസഭ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലുമെല്ലാം ജില്ലയില്‍ ആധിപത്യമുറപ്പിക്കുവാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, മന്ത്രിമാരായ കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി ജോസഫ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കും വലിയ ആത്മവിശ്വാസം നല്കി.
സിപിഎം ശക്തികേന്ദ്രങ്ങളില്‍ അണികളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ക്ക് വലിയ ആഹ്ലാദം സൃഷ്ടിച്ചു. ഈ അനുകൂല ഘടകങ്ങള്‍ ജില്ലാ-ബ്ലോക്ക് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് പ്രതിനിധികളില്‍ അഹങ്കാരമായി രൂപപ്പെട്ടു. ഇനി തങ്ങള്‍ക്കാരെയും ഭയപ്പെടേണ്ടതില്ല എന്നതായിരുന്നു ഭാവം. എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വീടുകയറി വോട്ട് തേടാന്‍ തുടങ്ങിയതോടെയാണ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെട്ടു തുടങ്ങിയത്.
ബിജെപി-എസ്എന്‍ഡിപി ധാരണ പരാജയമാണെന്ന് വരുത്തി തീര്‍ക്കാന്‍ യുഡിഎഫ് വിജയിച്ചാലും കുഴപ്പമില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കാഴ്ചപ്പാട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി-സമത്വമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം യുഡിഎഫുമായി രഹസ്യധാരണയിലാണ് സിപിഎം. പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പത്രിക സമര്‍പ്പിച്ച സിപിഎം സ്ഥാനാര്‍ത്ഥി തുക കെട്ടിവയ്ക്കാതെയാണ് പത്രിക നല്‍കിയത്. നിലവിലുള്ള കൗണ്‍സില്‍ അംഗത്തിന്റെ ഭാര്യയാണ് തുക കെട്ടാതെ പത്രിക സമര്‍പ്പിച്ചത്. ഇത് യാദൃശ്ചികമാകാന്‍ തരമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
സിപിഎം-യുഡിഎഫ് രഹസ്യബാന്ധവത്തിന് ഉദ്യോഗസ്ഥവൃന്ദവും ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന സംശയമാണ് പാലയിലെ സംഭവങ്ങള്‍ സൃഷ്ടിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അനുബന്ധരേഖകള്‍ എല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തിവേണം പത്രിക സ്വീകരിക്കാനെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശം. പാലായിലെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ പത്രികക്കൊപ്പം തുക കെട്ടിവച്ച രസീതില്ലാതെ എങ്ങനെയാണ് പത്രിക സ്വീകരിച്ചതെന്ന ചോദ്യവും പ്രസക്തമാണ്.
ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കൂനിന്മേല്കുരിപോലെ വിജിലന്‍സ് കോടതിവിധിവരുന്നത്. വിധി വന്നതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഭവന സന്ദര്‍ശനം നടത്താന്‍ കഴിയാത്ത അവസ്ഥയിലായി. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴുണ്ടായ കോടതിവിധി സൃഷ്ടിച്ച പ്രതിസന്ധി എങ്ങനെ മറികടക്കാമെന്ന വെപ്രാളത്തിലാണ് സ്ഥാനാര്‍ത്ഥികളും യുഡിഎഫ് നേതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: