കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കും വികസനത്തിനും പകരം ഇരുമുന്നണികളും ശ്രദ്ധയൂന്നുന്നത് ജാതി-മത വോട്ട് ബാങ്കുകളില്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ ജാതി-മത രാഷ്‌ട്രീയം പ്രചരണത്തിന്റെ അവസാന ലാപ്പില്‍ എല്ലാ അതിരുകളും വിട്ട് കുതിക്കുകയാണ്. ഓരോ വാര്‍ഡിലും ഡിവിഷനിലും അവിടുത്തെ പ്രബല സമുദായത്തില്‍പ്പെട്ടവരെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇരുമുന്നണികളും പരമാവധി ശ്രമിച്ചിട്ടുണ്ട്. മത സാമുദായിക വോട്ട് ബാങ്കുകള്‍ ഒരുമിച്ച് പെട്ടിയിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം നേതൃത്വം മാര്‍ഗ്ഗരേഖനല്‍കിയിട്ടുണ്ട്. ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ ഫോട്ടോകളിലും പ്രചരണ പരിപാടികളിലും പരമാവധി ചന്ദനക്കുറി,സിന്ദൂരം തുടങ്ങിയവ അണിഞ്ഞ് പ്രത്യക്ഷപ്പെടണം. മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകളാണെങ്കില്‍ പര്‍ദയോ പരമ്പരാഗത മതവേഷമോ ധരിക്കണം. പുരുഷന്‍മാര്‍ മതാചാരങ്ങളെ ബഹുമാനിക്കുന്നവിധത്തില്‍ വസ്ത്രം ധരിക്കണം. അതായത് ഇടത്തോട്ട് മുണ്ടുടുക്കണം തുടങ്ങിയ കാര്യങ്ങൡ ശ്രദ്ധിക്കണം.ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിമാരും മത ചിഹ്നങ്ങള്‍ അണിയുന്നതിന് വിലക്കില്ല. മഹല്ല് കമ്മിറ്റികള്‍, മദ്രസ അധ്യാപകര്‍, ഇടവക വികാരിമാര്‍, ഹിന്ദു സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവരെ പ്രത്യേകം പോയിക്കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.
കോണ്‍ഗ്രസുകാര്‍ക്ക് പിന്നെ ഇക്കാര്യത്തിന് പ്രത്യേകം മാര്‍ഗ്ഗരേഖ വേണ്ടാത്തതുകൊണ്ടാകണം പാര്‍ട്ടി അതിന് മുതിരാത്തത്. യുഡിഎഫ് പ്രചരണം തന്നെ മിക്കയിടത്തും ഇടവകപ്പള്ളികള്‍ കേന്ദ്രീകരിച്ചും മഹല്ലുകള്‍ കേന്ദ്രീകരിച്ചുമാണ്. അപൂര്‍വ്വം ചിലയിടങ്ങളില്‍ എന്‍എസ്എസ് കരയോഗങ്ങളും. സാമുദായിക വോട്ട് ബാങ്കുകള്‍ ലക്ഷ്യമിട്ടുളള പ്രചരണം മുറുകിയതോടെ ഇരുകൂട്ടരും ജനകീയ വികസന പ്രശ്‌നങ്ങളെല്ലാം മറന്ന മട്ടാണ്.
ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ വികസന അജണ്ട ചര്‍ച്ചയാക്കുന്നത് ബിജെപി മാത്രമാണ്. മോദി സര്‍ക്കാരിന്റെ വികസനനയത്തിന്റെ ചുവടു പിടിച്ചാണ് ഏതാണ്ടെല്ലായിടത്തും ബിജെപി പ്രചാരണം. ഇതിന് വോട്ടര്‍മാരില്‍ നിന്ന് നല്ല പ്രതികരണവുമുണ്ട്. മോദി സര്‍ക്കാരിന്റെ വികസന സന്ദേശം താഴെത്തട്ടിലെത്തിക്കാന്‍ ബിജെപിക്ക് ഒരു വോട്ട് എന്നതാണ് പാര്‍ട്ടി ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം.
പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള നേതാക്കള്‍ ഇതിനകം ഒട്ടേറെ ബിഷപ്പ് ഹൗസുകളും അരമനകളും കയറിയിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ചിരുന്ന സോളാര്‍, ബാര്‍ കോഴ, ടി.പി വധം, തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇരുമുന്നണികളും മറന്ന മട്ടാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചരണായുധം ഇപ്പോള്‍ ബീഫാണ്. മതവികാരവും സാമുദായിക സ്പര്‍ദ്ധയും ഇളക്കിവിട്ട് വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത്.
ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് വ്യക്തമായതോടെ ന്യൂനപക്ഷവോട്ട് ബാങ്കുകള്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് സിപിഎമ്മിന്റേത്്. കോണ്‍ഗ്രസും പ്രതീക്ഷയര്‍പ്പിക്കുന്നത് മുസ്ലീം -കൃസ്ത്യന്‍ വോട്ടുകളില്‍ത്തന്നെ. എസ്ഡിപിഐ പോലുള്ള തീവ്ര നിലപാടുകളുള്ള സംഘടനകള്‍ സിപിഎമ്മിനൊപ്പമായതും മലപ്പുറത്ത് ലീഗ് പരിഭവിച്ച് നില്‍ക്കുന്നതും കോണ്‍ഗ്രസിന് ആശങ്കയേറ്റുന്നുണ്ട്.
















