തൃശൂര്‍: പ്രചരണ രംഗം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ പ്രാദേശിക വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടിയ മുന്നണികളെ വോട്ടര്‍മാര്‍ നിര്‍ത്തിപ്പൊരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കുടിവെള്ളം, വൈദ്യുതി, റോഡുകള്‍ മറ്റു പ്രാദേശിക വിഷയങ്ങള്‍ക്ക് പകരം ബീഫ് രാഷ്‌ട്രീയവും മറ്റും ഉയര്‍ത്തി കൊണ്ടു വന്ന് പ്രചരണ രംഗത്തേക്ക് ഇറങ്ങിയ ഇരു മുന്നണികളെയും തഴയുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
ജില്ലയില്‍ കഴിഞ്ഞ തവണ ഭൂരിഭാഗം പഞ്ചായത്തുകളും യുഡിഎഫും ബാക്കിയുള്ളത് എല്‍ഡിഎഫും നേടിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ തങ്ങളുടെ ഭരണകാലത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നത് മറച്ച്‌വെയ്‌ക്കാനാണ് ദേശീയ രാഷ്‌ട്രീയവും മറ്റും ചര്‍ച്ചയ്‌ക്ക് കൊണ്ടുവരാന്‍ മുന്നണികള്‍ ബോധപൂര്‍വ്വം ശ്രമം നടത്തിയത്. ഇരുമുന്നണികളിലെയും സിറ്റിംഗ് അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തവണ തെരഞ്ഞെടുപ്പുകളില്‍ ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഗ്രാമപഞ്ചായത്ത് തലത്തിലാണ് മുന്നണികള്‍ ഏറ്റവും കുടുതല്‍ ഭീഷണി നേരിടുന്നത്. മുന്‍കാലങ്ങളില്‍ നിരവധി പേരുമായി പ്രചരണ രംഗത്ത് ഇറങ്ങിയിരുന്ന സിപിഎമ്മും കോണ്‍ഗ്രസും ആളെ കിട്ടാതെ വലയുകയാണ്. സിപിഎമ്മാകട്ടെ ആളെ കിട്ടാതെ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും കുറച്ചു. യുഡിഎഫാകട്ടെ ഭരണ സംവിധാനം ഉപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
തൃശൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് അന്ന് വാഗ്ദാനം നല്‍കിയ ഒരു പദ്ധതി പോലും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. പതിറ്റാണ്ടുകളായി കോര്‍പ്പറേഷന്റെ തീരാശാപമായ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതാണ് തെരഞ്ഞെടുപ്പില്‍ പ്രധാന പ്രശ്‌നമെങ്കിലും ബിജെപി ഒഴിച്ച് മറ്റ് പാര്‍ട്ടികള്‍ ഇത് ഉയര്‍ത്തി ക്കൊണ്ടു വരാതെ മറ്റ് പല കാര്യങ്ങളാണ് പ്രചരണായുധമാക്കുന്നത്. അതുപോലെ തന്നെ ഗതാഗത പ്രശ്‌നവും കുടിവെള്ള വിതരണത്തിലെ അഴിമതിയും ഉയര്‍ത്തി യാണ് ബിജെപി ജനങ്ങളെ സമീപിക്കുന്നത്.
















