കൊച്ചി: ബാര്‍കോഴ കേസില്‍ വെട്ടിലായ ധനമന്ത്രി കെ.എം. മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതില്‍നിന്ന് രക്ഷനേടാനാണ് ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് തുടരന്വേഷണം നടത്താനുള്ള തീരുമാനമെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ആരോപിച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ജനസഭ 2015 പരിപാടിയില്‍ സംസാരിക്കുകയായാരുന്നു അദ്ദേഹം.
മതമേധാവികള്‍ക്ക് പ്രിയങ്കരനായ മാണിക്കെതിരെ തെളിവുകളുണ്ടായിട്ടും കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയാണ്. എസ്എന്‍ഡിപി സെക്രട്ടറിയെ അപകീര്‍ത്തിപ്പെടുത്താനാണ് തെളിവില്ലാതിരുന്നിട്ടും ശാശ്വതീകാനന്ദയുടെ മരണവുമായിബന്ധപ്പെട്ട് തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പു അന്വേഷണം നടത്തി കോടതിയില്‍ കേസ് അവസാനിപ്പിക്കുന്നതിന് അപേക്ഷ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പുതിയ തെളിവുകളുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികള്‍ക്കും ബിജെപി ശക്തമായി വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രണ്ട് മുന്നണികളും അഴിമതിയുടെ കാര്യത്തില്‍ പരസ്പരം സഹായിക്കുകയാണ്. വിജയിക്കാനുള്ള കുറുക്കു വഴികള്‍ തേടുന്ന തിരക്കിലാണ് സിപിഎം. ജമാ അത്ത്, ലീഗ് തുടങ്ങിയ സംഘടനകളുമായി രഹസ്യ ബാന്ധവം ഉണ്ടാക്കിയ അവര്‍ കോണ്‍ഗ്രസിന് ചില സ്ഥലങ്ങളില്‍ വോട്ട് മറിച്ച് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആരോപിച്ചു.
കൊടിയത്തുരില്‍ ബിജെപിയുടെ ദലിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി സ്ഥാനാര്‍ഥി പിന്മാറിയെന്ന പ്രചാരണം വാസ്തവമല്ല. സ്ഥാനാര്‍ഥി ബിജെപി അംഗമല്ല. മുന്‍ സിപിഎം പ്രവര്‍ത്തകായ അവര്‍ സിപിഎമ്മിന്റെ ഭീഷണിയെതുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന നല്‍കിയതെന്നും പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി എന്നിവരും മുരളീധരനോടൊപ്പം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: