കോഴിക്കോട്: ഏഴ് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ ഒരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങളുണ്ട്.
ചിലര്‍ക്ക് ജയിക്കണം. ചിലര്‍ തോല്‍ക്കണം. ഭൂരിപക്ഷം കൂടാനും കുറയാനും, കെട്ടിവെച്ച കാശ് പോകണമെന്നും പ്രാര്‍ത്ഥനയുണ്ട്. എന്നാല്‍ കക്ഷിരാഷ്‌ട്രീയം മറന്നുള്ള ഒരു പ്രാര്‍ത്ഥനയേയുള്ളൂ- മഴ വില്ലനാകരുതേയെന്ന്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് സാമാന്യം നല്ല മഴയുണ്ട്. മലബാര്‍ മേഖലയില്‍ പലയിടത്തും തുലാ വര്‍ഷം കനത്തതുമാണ്. ഇന്നും മഴയുണ്ടായാല്‍ അത് പോളിംഗിനെ ബാധിക്കുമെന്നാണ് ആശങ്ക. മഴയത്ത് പോയി വോട്ട് ചെയ്യാന്‍ പലരും മടിക്കും. പ്രത്യേകിച്ച് സ്ത്രീകളും പ്രായമായവരും. ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നവര്‍ക്ക് മഴ കൊള്ളാതിരിക്കാനുള്ള സൗകര്യവുമില്ല.
മഴ പെയ്താല്‍, വീട്ടില്‍ മടിച്ചിരിക്കുന്നവരെ കണ്ടെത്തി ബൂത്തില്‍ എത്തിച്ച് വോട്ട് ചെയ്യിക്കേണ്ട ഉത്തരവാദിത്വം രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കാണ്. ഇതിനായി വാഹനം വേണം. ഏറെ പ്രയാസം പിടിച്ച പണിയാണിതെന്ന് ഏവര്‍ക്കുമറിയാം. വോട്ടര്‍മാര്‍ എത്തിയില്ലെങ്കില്‍, അവരെ കൊണ്ട്‌വരാനായില്ലെങ്കില്‍ ഫലം സ്ഥാനാര്‍ത്ഥികളുടെ പരാജയം തന്നെയാകും. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാമാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്, ഇന്ന് മഴയുണ്ടാകരുതേയെന്ന്. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടവരുടെ പ്രാര്‍ത്ഥന മറ്റൊന്നാണ്- എവിടെയും അക്രമമുണ്ടാകരുതേയെന്ന്. സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാകണമേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയാണിവര്‍.
















