കൊച്ചി: കേരളത്തിലെ ഭൂരിപക്ഷ ഹൈന്ദവ സമുദായങ്ങള്‍ നെഞ്ചിലേറ്റിയ ഹൈന്ദവ ഐക്യത്തോട് നായര്‍ സമുദായം പൂര്‍ണമായി സഹകരിക്കുമെന്ന് ഗ്ലോബല്‍ നായര്‍ സേവാസമാജ്. നായര്‍ സമൂഹം ഈ ആശയത്തോട് പൊരുത്തപ്പെട്ടുകഴിഞ്ഞു.
സമുദായം, രാഷ്‌ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വികസനകാര്യത്തിലും ഭരണപങ്കാളിത്തത്തിലും അവഗണനയുടെ നെല്ലിപ്പടി കണ്ട് സഹികെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഒന്നിച്ചുനിന്നാലേ രക്ഷയുള്ളൂ എന്ന് കേരളത്തിലെ ഹൈന്ദവ സമുദായം തിരിച്ചറിഞ്ഞിരിക്കുന്നു. ഹൈന്ദവ സമുദായത്തിന്റെ മനസും വികാരവും മനസിലാക്കാതെ പ്രഖ്യാപിച്ച സമദൂര സിദ്ധാന്തം നായര്‍ സമുദായത്തിന് സ്വീകാര്യമല്ല.
നായന്മാര്‍ അവരുടെ ശരിയായ രാഷ്‌ട്രീയ നിലപാട് എന്തായിരിക്കണമെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. തങ്ങളുടെ അവകാശം നേടിയെടുക്കാന്‍ കേരളത്തിലെ ഹൈന്ദവ സമൂഹം നയിക്കുന്ന മൂന്നാംമുന്നണിക്ക് പിന്തുണ നല്‍കാന്‍ കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള സമുദായാംഗങ്ങള്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞതായി പത്രക്കുറിപ്പില്‍ പറയുന്നു.
ദല്‍ഹിയില്‍ സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്ത ഗ്ലോബല്‍ നായര്‍ സമ്മേളനം ഹൈന്ദവ സമുദായ ഐക്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സാമൂഹികനീതി നിഷേധിക്കപ്പെട്ട ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തില്‍ കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്താനിരിക്കുന്ന സമത്വ മുന്നേറ്റ യാത്രയില്‍ വിവിധ സമുദായ സംഘടനകളുടെ കൊടികളും ബാനറുകളുമായി ഹൈന്ദവ സമൂഹം പങ്കെടുക്കുകയും യാത്ര കേരളത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുകയും ചെയ്യും. ആ മഹത്തായ സംരംഭത്തില്‍ എല്ലാ ഹൈന്ദവ സമുദായ സ്‌നേഹികളും പങ്കെടുത്ത് സമത്വമുന്നേറ്റയാത്രയെ വിജയിപ്പിക്കണമെന്ന് മലബാര്‍ നായര്‍ സമാജം രക്ഷാധികാരിയും ഗ്ലോബല്‍ എന്‍എസ്എസ് എക്‌സിക്യൂട്ടീവ് മെമ്പറുമായ മഞ്ചേരി ഭാസ്‌കരപിള്ള അഭ്യര്‍ത്ഥിച്ചു.
















