പാലക്കാട്: രാഷ്ട്രീയ കേരളം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്നത് പാലക്കാട് നഗരസഭയിലാണ്. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ബിജെപി സ്വന്തമായി ഭൂരിപക്ഷത്തോടെ വിജയിച്ച് ഭരണത്തിലേക്ക് എത്തുമെന്നതാണ് നിരീക്ഷകരുടെ പ്രതീക്ഷ. ഏറെക്കാലമായി പാലക്കാട് നഗരത്തില്‍ കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയിലൂടെ നടത്തുന്ന യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ ആത്മവിശ്വാസത്തോടെ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍ അമരക്കാരനായി നില്‍ക്കുന്നത് 18 ാം വാര്‍ഡ് കൊപ്പത്ത് മത്സരിക്കുന്ന സി.കൃഷ്ണകുമാര്‍.
പാര്‍ട്ടിയുടെ ജില്ലയിലെ പ്രകടനം കഴിവുറ്റതാക്കാന്‍ അഹോരാത്രം ശ്രമിക്കുന്നതോടൊപ്പം എല്‍ഡിഎഫിന്റെ കയ്യിലുള്ള വാര്‍ഡ് പിടിച്ചെടുത്ത് ബിജെപി വിജയം പൂര്‍ണമാക്കുക എന്ന ദൗത്യമാണ് ജില്ലാ പ്രസിഡണ്ട് കൂടിയായ കൃഷ്ണകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്.
നഗരഭരണം ഭരണം പിടിക്കാനുള്ള നിയോഗത്തോടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉറച്ച വാര്‍ഡുകളില്‍നിന്ന് മാറി വെല്ലുവിളി നേരിടുന്ന വാര്‍ഡുകള്‍ പിടിച്ചെടുക്കാനുള്ള മത്സരമാണ് ഏറ്റെടുത്തത്. അതില്‍ ഏറ്റവും ശക്തമായ മത്സരം കാഴ്ചവെക്കുന്നത് 18ാം വാര്‍ഡ് കൊപ്പം ആണ്. ബിജെപി ജില്ലാപ്രസിഡന്റും നിലവില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി. കൃഷ്ണകുമാറിനെ നേരിടുന്നത് കോണ്‍ഗ്രസ്സിന്റെ സിറ്റിങ്ങ് നഗരസഭാ ചെയര്മാന് പി.വി. രാജേഷും സിപിഎം ബ്രാഞ്ച് സെക്രട്ടറി അഡ്വ. കെ. അരവിന്ദാക്ഷനുമാണ്. എല്‍ഡിഎഫിന്റെ കയ്യിലുള്ള വാര്‍ഡ് തിരിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കൃഷ്ണകുമാര്‍.
10 വര്‍ഷം മുമ്പ് സിപിഎമ്മില്‍ നിന്ന് അയ്യപ്പുരം വാര്‍ഡ് പിടിച്ചെടുക്കാനുള്ള ദൗത്യവും പാര്‍ട്ടി ഏല്‍പ്പിച്ചത് കൃഷ്ണകുമാറിനെ ആയിരുന്നു. അന്ന് പിടിച്ചെടുത്ത അയ്യപുരം വാര്‍ഡില്‍ ഇപ്പോള്‍ ബിജെപിക്ക് എതിരാളികള്‍ പോലുമില്ല. ഇപ്പോള്‍ പതിനെട്ടാം വാര്‍ഡില്‍ മത്സരിക്കുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് കൃഷ്ണകുമാര്‍. കഴിഞ്ഞ ഭരണസമിതിയില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് എന്ന നിലയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാത്രം മതി ഏതു വാര്‍ഡിലും സ്വീകാര്യനാകാന്‍. എങ്കിലും എതിരാളികളും ശക്തരായതിനാല്‍ കടുത്ത മത്സരമാണ് നഗരസഭയിലെ പതിനെട്ടാ വാര്‍ഡില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: