പാലക്കാട്:സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്ന പാലക്കാട് നഗരസഭയില്‍ യുഡിഎഫ്-സിപിഎം രഹസ്യധാരണ. സംസ്ഥാനത്ത് താമര വിരിയുമെന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ പ്രതീക്ഷയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന നഗരസഭയാണ് പാലക്കാട്. ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെ ഇരുമുന്നണികളും ധാരണയുണ്ടാക്കിയതായാണ് സൂചന.
നിലവിലെ ഭരണത്തിന്റെ തത്തുടര്‍ച്ചയാണ് യുഡിഎഫ്. ലക്ഷ്യം. എന്നാല്‍ 35 പ്ലസ് കാമ്പയിനിലൂടെ കേവല ഭൂരിപക്ഷം നേടി ഭരണത്തിലെത്താനുള്ള ബിജെപിയുടെ നീക്കം വോട്ടര്‍മാര്‍ സ്വീകരിച്ചതോടെ നഗരസഭയില്‍ വോട്ട് മറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലെത്തിയെന്നാണറിയുന്നത്. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ പരസ്പരം സഹായിക്കുക എന്നതാണ് ധരണയെന്നും അറിയുന്നു.
ആകെയുള്ള 52 സീറ്റില്‍ 25 എണ്ണത്തിലും പാര്‍ട്ടിചിഹ്നങ്ങളിലും മറ്റിടങ്ങളില്‍ സ്വതന്ത്രരെ പിന്തുണച്ചുമാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ഭരണം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും യുഡിഎഫിനെ സഹായിക്കാനാണെന്ന് ഇപ്പോഴത്തെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നു. രണ്ട് മുന്‍ എംഎല്‍എമാരുള്‍പ്പെടെ ശക്തരായ നേതാക്കളെ മത്സരിപ്പിക്കുമ്പോഴും നഗരത്തില്‍ ഒരിടത്തും പ്രവര്‍ത്തനത്തിന് നേതാക്കള്‍ ഇറങ്ങിയിട്ടില്ല. സ്ഥാനാര്‍ത്ഥികളും സഹപ്രവര്‍ത്തകരും മാത്രമാണ് പ്രചാരണ രംഗത്തുള്ളത്.
നിലവില്‍ യുഡിഎഫ്. 20, ബിജെപി 15, സിപിഎം ഒമ്പത്, സ്വതന്ത്രര്‍ അഞ്ച് എന്നതാണ് കക്ഷിനില. ബിജെപി ഇത്തവണ 48 വാര്‍ഡിലേക്ക് പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കുന്നു. നാലുവാര്‍ഡുകളില്‍ സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കുന്നു. സിപിഎമ്മിന്റെ മുന്‍ കൗണ്‍സിലറും ഇതില്‍ ഉള്‍പ്പെടും.
യുഡിഎഫിനുവേണ്ടി 42 സീറ്റില്‍ കോണ്‍ഗ്രസ്സും പത്തില്‍ ലീഗും മത്സരിക്കുന്നു. സ്ഥാനാര്‍ഥിത്വത്തിന്റെപേരില്‍ ഡിസിസി അംഗം സി. കിദര്‍മുഹമ്മദിന്റെ നിരാഹാരസമരവും മുന്‍നഗരസഭാധ്യക്ഷയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാനനേതാവുമായ പി.എ. രമണീബായിയുടെ രാജിയുമൊക്കെ മുന്നണിക്ക് തലവേദനയാണ്.
എല്‍ഡിഎഫില്‍ മുന്‍ എംഎല്‍എമാരായ എം. നാരായണനും ടി.കെ. നൗഷാദും സിപിഎമ്മിനുവേണ്ടി മത്സരിക്കുന്നു. അതേസമയം നിലവിലെ കൗണ്‍സിലര്‍മാരില്‍ നാലുപേരെയേ ഇത്തവണ മത്സരിപ്പിക്കുന്നുള്ളൂ. മൂന്ന് സീറ്റ് സിപിഐക്കും ഒന്നുവീതം ജനതാദളിനും എന്‍സിപിക്കും നല്‍കി.
ഭരണം പിടിക്കാനാവുമെന്ന വിശ്വാസത്തോടെ ബിജെപി നേതാക്കള്‍ ഉറച്ച വാര്‍ഡുകളില്‍നിന്ന് മാറി വെല്ലുവിളി നേരിടുന്ന വാര്‍ഡുകള്‍ പിടിച്ചെടുക്കാനുള്ള മത്സരത്തിലാണ്. 18ാം വാര്‍ഡ് കൊപ്പം ഇതില്‍ ഏറ്റവും ശക്തമായ മത്സരം കാഴ്ചവെക്കുന്നു. ബിജെപി ജില്ലാപ്രസിഡന്റും നിലവില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി. കൃഷ്ണകുമാറും കോണ്‍ഗ്രസ്സിന്റെ സിറ്റിങ്ങ് നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷും സിപിഎം ബ്രാഞ്ച് സെക്രട്ടറി അഡ്വ. കെ. അരവിന്ദാക്ഷനുമാണ് മത്സരരംഗത്ത്.
















