തൃശൂര്‍: ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ തുടരന്വേഷണം വേണ്ടെന്ന നിലപാടിനെതിരെ ബിജെപി കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്വി.മുരളീധരന് പറഞ്ഞു. ബാര്‍കോഴ കേസില്‍ സിപിഎമ്മിന്റെ ആരോപണത്തിന്റെ മൂര്‍ച്ച കുറയ്ക്കായാണ് എളമരം കരീമിനെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ നിലപാട് 2015 ല്‍ സംസാരിക്കുകയായിരുന്നു.
പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെത്തിയപ്പോള്‍ സിപിഎമ്മിലെ ഒരു വിഭാഗവും കോണ്‍ഗ്രസും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതായി മുരളീധരന് പറഞ്ഞു. കഴിഞ്ഞ തവണ വെറും എഴായിരം സീറ്റുകളില്‍ മത്സരിച്ച ബിജെപി ഇത്തവണം 90 ശതമാനം സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ നാലര പതിറ്റാണ്ടായി കേരളം മാറി മാറി ഭരിക്കുന്നവര്‍ കേരള കോണ്‍ഗ്രസിന്റെയും ലീഗിന്റെയും താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപിയും ഒപ്പം നില്‍ക്കുന്നവരും ശക്തമായ മത്സരമാണ് കാഴച്ചവെയ്ക്കുന്നതെന്നും മുരളീധരന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, മേഖല പ്രസിഡന്റ് ടി.ചന്ദ്രശേഖരന് എന്നിവരും പങ്കെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സന്തോഷ്ജോണ്‍ തൂവല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: