കാസര്‍കോട്: ശരീരത്തിനും മനസ്സിനും ഒരുപോലെ യൗവ്വനം 105ാമത്തെ വയസ്സിലും കാത്തുസൂക്ഷിക്കുന്ന ബെള്ളൂരിലെ നാട്ടക്കല്ലിന്റെ സ്വന്തം നെട്ടണിയെ ഇത്തവണയും പതിവ് തെറ്റിക്കാതെ വോട്ട് രേഖപ്പെടുത്തി. നട്ടക്കല്ലിലെ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് വോട്ട് ചെയ്തത്.
തെയ്യം കലാകാരനും അപൂര്‍വ്വങ്ങളായ പച്ചമരുന്നുകള്‍ അറിയാവുന്ന നാട്ടുവൈദ്യനും കൂടിയായ നെട്ടണി, ബദിയടുക്ക ബെള്ളൂര്‍ മലയോര മേഖലയുടെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. വയസ്സ് 105 ആയെങ്കിലും നെട്ടണിയുടെ കാഴ്ച്ചയ്ക്ക് തകരാറില്ല, ഗുരുതരമായ രോഗങ്ങളില്ല, ബാല്യകാലത്തെ അനുഭവങ്ങള്‍ പറയുന്നത് പോലും ഇന്നലെ കഴിഞ്ഞ സംഭവങ്ങള്‍ പോലെ.
വിരിഞ്ഞ നെഞ്ചും ബലിഷ്ഠമായ പേശികളുമുള്ള നെട്ടണി പരസഹായമില്ലാതെ നടന്ന് പോകുമ്പോള്‍, അത്ഭുതപ്പെട്ട് പോകും പുതു തലമുറ.
അജ്ജയെന്ന പേരിലും കൂടി അറിയപ്പെടുന്ന നെട്ടണി 18മത്തെ വയസ്സിലാണ് തെയ്യത്തിന്റെ ചമയം അണിഞ്ഞ് തുടങ്ങിയത്. കുടുംബ പാരമ്പര്യത്തിലൂടെയാണ് ധൂമാവതി തെയ്യത്തിന്റെ പിന്തുടര്ച്ച ഒരു നിയോഗം പോലെ നെട്ടണിക്ക് ലഭിച്ചത്. അതിന് ശേഷം ഏഴ് പതിറ്റാണ്ട് കാലം മുറ തെറ്റാതെ, നെട്ടണി ദൈവത്തിന്റെ പ്രതിരൂപനായി. 2000ത്തില്‍ തന്റെ 90മത്തെ വയസിലും, കൂണാര് ക്ഷേത്രത്തില്‍ ഏറെ കായികാധ്വാനം ആവശ്യമുള്ള തെയ്യക്കോലമായി നെട്ടണി നിറഞ്ഞാടി.
ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനായ ചനിയ, പേരക്കുട്ടികളായ രവി, രമേഷ് എന്നിവരാണ് നെട്ടണിയില് നിന്നും പഠിച്ച പാഠങ്ങളുമായി തെയ്യക്കോലം കെട്ടുന്നത്. നെട്ടണിയുടെ മകന്റെ പോലും പല്ലുകള്‍ കൊഴിഞ്ഞു. അവനെ കാണാന്‍ എന്നേക്കാള്‍ പ്രായം തോന്നിക്കുമെന്ന് പറഞ്ഞ് നിറഞ്ഞ പല്ല് കാട്ടി ചിരിക്കും, നൂറ്റാണ്ട് കണ്ട ഈ വിസ്മയം. ഇത് വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നെട്ടണി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: