കാഞ്ഞങ്ങാട്: എൽഡിഎഫ് ഭരിക്കുന്ന കോടോം ബേളൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽപ്പെടുന്ന ബേങ്ങച്ചേരി കോളനി നിവാസികൾ ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.
വികസനം നടത്താത്തവർക്ക് ഞങ്ങളുടെ വോട്ടില്ലെന്ന നിലപാടിലാണ് കോളനിവാസികൾ. സിപിഎമ്മിന്റെ ഉറച്ച് സീറ്റുകളിലൊന്നായ 14ാം വാർഡാണ് ചെരളം. ഈ വാർഡിലാണ് ബേങ്ങച്ചേരി കോളനി. ആകെ 85 വോട്ടാണ് ഇവിടെയുള്ളത്. ഭൂരിഭാഗവും സിപിഎം വോട്ടുകളാണ്. 19 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2010 ലെ തെരഞ്ഞെടുപ്പിൽ വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോളനിക്കാർ എൽഡിഎഫിനെ തുണയ്‌ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ചർച്ചയ്‌ക്കായി പാർട്ടി നേതാക്കൾ ഇവിടെ തമ്പടിച്ചിരുന്നു. എന്നാൽ കോളനി നിവാസികൾ തങ്ങളുടെ നിലപാട് മാറ്റാൻ തയ്യാറായില്ല. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഇവിടെ മത്സരിക്കുന്നത്. കോളനി വോട്ടുകൾ മാറിയതോടെ വിജയ പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് പ്രവർത്തകർ പറയുന്നു.
















