കല്‍പ്പറ്റ : വയനാട് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വടുവന്‍ചാല്‍ സാംസ്‌കാരികനിലയത്തില്‍ ശ്രീജയെത്തി കന്നി വോട്ട് ചെയ്തു. ചോലനായ്‌ക്ക വിഭാഗത്തിലെ ഇളംതലമുറക്കാരിയായ ശ്രീജയും കുടുംബവും സാംസ്‌കാരിക നിലയത്തില്‍നിന്ന് 11 കിലോമീറ്റര്‍ അകലെ പരപ്പന്‍പാറയിലാണ് താമസം.
ആറ് കിലോമീറ്റര്‍ മാത്രമാണ് ഗതാഗതയോഗ്യമായുള്ളത്. അഞ്ച് കിലോമീറ്ററോളം ദൂരം വന്യമൃഗങ്ങളുടെ ശല്യമുള്ള വനത്തിലൂടെ കാല്‍നടയാത്ര ചെയ്തുവേണം പരപ്പന്‍പാറകുന്നിന്റെ മുകളിലെത്താന്‍. തെരഞ്ഞെടുപ്പ്കാലത്ത് മാത്രമാണ് ഇവരുടെ 28 അംഗ കുടുംബം കാടിറങ്ങാറ്.
ഇത്തവണ 15ഓളംപേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. ഊരുമൂപ്പന്‍ വലിയവെളുത്ത നാല് മാസം മുന്‍പ് മരണമടഞ്ഞു. ഇപ്പോഴത്തെ ഊരുമൂപ്പനായ ചെറിയവെളുത്തയുടെ നേതൃത്വത്തിലാണ് വോട്ട് ചെയ്യാനായി ഇവര്‍ കാടിറങ്ങി എത്തിയത്.
















