ആലപ്പുഴ: സംസ്ഥാനത്ത് സിപിഎമ്മും മുസ്ലിംലീഗുമായുള്ള നിക്കാഹ് ഉറപ്പിച്ചു കഴിഞ്ഞതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും നിരവധി പ്രദേശങ്ങളില്‍ ധാരണയുടെ അടിസ്ഥാനത്തിലാണ് മത്സരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പോടെ ധാരണ സഖ്യമായി മാറാനാണ് സാദ്ധ്യത. ബിജെപി നേതൃത്വം നല്‍കുന്ന ജനകീയ ബദലിനെ നേരിടാന്‍ കേരളത്തിലും യുപിഎ രൂപംകൊള്ളും.
സിപിഎം, യുപിഎയ്‌ക്കുള്ളിലായിരിക്കുമോ അതോ പുറത്തുനിന്നും പിന്തുണ നല്‍കുമോയെന്ന് മാത്രമേ അറിയേണ്ടതുള്ളൂ. കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ലീഗ് നേതാവ് ഇസ്ഹാക്ക് കുരുക്കളും ചര്‍ച്ച നടത്തിയത് നിലവിലെ അവിശുദ്ധ സഖ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്.
കോണ്‍ഗ്രസ്, മുസ്ലിംലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി സിപിഎമ്മിന് പല സ്ഥലങ്ങളിലും മുന്നണിക്കതീതമായി ധാരണയുണ്ട്. ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
എസ്എന്‍ഡിപിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണയില്‍ ബിജെപിക്ക് യാതൊരു ആശയക്കുഴപ്പവുമില്ല. എസ്എന്‍ഡിപിയടക്കമുള്ള മുപ്പതിലേറെ ഇതര സാമുദായിക സംഘടനകളുമായി ബിജെപി ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇവരെയെല്ലാം ഉള്‍പ്പെടുത്തി വിശാല ജനകീയ ബദലിന് ബിജെപി നേതൃത്വം നല്‍കും. നായര്‍ സമുദായത്തിലെ ബഹുഭൂരിപക്ഷവും ഇതിനെ പിന്തുണയ്‌ക്കുമെന്നാണ് പ്രതീക്ഷയെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.
അഴിമതിക്കെതിരെ നിരന്തരം പോരാട്ടം നടത്തുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അഴിമതിക്കാരനായ മകനെ ജയിലിലടയ്‌ക്കണമെന്ന് ആവശ്യപ്പെടുമോയെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. നാട്ടുകാരെ നന്നാക്കാന്‍ നടക്കുന്ന അച്യുതാനന്ദന്‍ സ്വന്തം കുടുംബം അഴിമതി വിമുക്തമാക്കാന്‍ തയ്യറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജനും പങ്കെടുത്തു.
















