മലപ്പുറം : രണ്ടാംഘട്ട തദ്ദേശ തിരഞ്ഞടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം. ഈ ജില്ലയില്‍ മാത്രം 270 കേന്ദ്രങ്ങളിലായി നൂറോളം വോട്ടിംഗ് മെഷീനില്‍ ഒരേസമയം തകരാര്‍ കണ്ടെത്തി. മുസ്ലീംലീഗിന്റെ ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളിലെ യന്ത്രങ്ങളിലാണ് കൃത്രിമം കണ്ടെത്തിയത്.
വോട്ടിംഗ് മെഷീനുകളില്‍ സെലോടേപ്പും സ്റ്റിക്കറുകളും ഒട്ടിച്ചതായാണ് കണ്ടെത്തിയത്. മോക്ക് പോളിംഗ് സമയത്ത് യന്ത്രങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതിനുശേഷമാണ് ജില്ലാ കളക്ടര്‍ തകരാര്‍ കണ്ടെത്തിയത്. ബൂത്തുകളില്‍ വോട്ടെടുപ്പ് തടസപ്പെട്ടതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കലക്ടറോടു വിശദീകരണം തേടി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തൃശൂരിലും യന്ത്ര തകരാറുകള്‍ വ്യാപകമാണ്. തൃശൂര്‍ ജില്ലയിലെ 30 ഓളം വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. മലപ്പുറത്ത് വോട്ടെടുപ്പ് അട്ടിമറി ശ്രമമെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണു തൃശൂരില്‍നിന്നുള്ള റിപ്പോര്‍ട്ട്. തകരാര്‍ അന്വേഷിക്കണമെന്ന് കെ പി എ മജീദ് ആവശ്യപ്പെട്ടു. വോട്ടിംഗിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും കെ പി എ മജീദ് പറഞ്ഞു. നിര്‍മ്മാണ തകരാണെന്ന് ഭരണകൂടം പറഞ്ഞു.
തകരാറിലായ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ല. ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് ഗുരുതര പ്രശ്‌നമായിട്ടുണ്ടെന്ന് സിപിഎം പരാതിപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടിയുണ്ടാകുന്നില്ല.
രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടം നടക്കുന്ന മിക്ക ജില്ലകളിലും രാവിലെ കനത്ത മഴയാണ്. എന്നാല്‍ കനത്ത മഴയെ അവഗണിച്ചും വോട്ടിംഗ് പുരോഗമിക്കുന്നുണ്ട്.
















