തൃശൂര്‍: വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതുവരേയും പോളിങ് തുടങ്ങാന്‍ കഴിയാതിരുന്ന തൃശൂര്‍ ജില്ലയിലെ നാല് ബൂത്തുകളിലും മലപ്പുറം ജില്ലയിലെ 27 ബൂത്തുകളിലും നാളെ റീപോളിങ് നടത്തും.
തൃശൂരിലെ അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നത്തങ്ങാടി, എറവൂര്‍ സൗത്ത് എന്നീ ബൂത്തുകളിലും തിരുവില്വാമലയിലെ പൂതനക്കര, പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാറുകുളം എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുക. 137 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രം തകരാറിലായത്. മൂന്ന് മണിക്കൂറിലേറെ പോളിങ് തടസപ്പെട്ട സ്ഥലങ്ങളില്‍ റീപോളിങ് വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്ത് റീപോളീങിന് ഉത്തരവിട്ടത്. വോട്ടിംഗ് യന്ത്രത്തിലുണ്ടായ തകരാര്‍ യഥാസമയം അറിയിക്കാതിരുന്ന കളക്ടര്‍ ടി.ഭാസ്കരന്റെ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കളക്ടര്‍ വിവരം അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് കമ്മീഷന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
ഗുരുതരമായ സാഹചര്യം നേരിടുന്നതില്‍ കളക്ടര്‍ പരാജയപ്പെട്ടുവെന്നും കമ്മീഷനെ കൃത്യമായി വിവരങ്ങള്‍ അറിയിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കുറ്റപ്പെടുത്തി. കളക്ടര്‍ വേണ്ടവിധം ഇടപെട്ടിരുന്നെങ്കില്‍ പ്രശ്നം ഗുരുതരമാവില്ലായിരുന്നു എന്നും കമ്മിഷന് പറഞ്ഞു.
ജില്ലയില്‍ വിവിധ ബൂത്തുകളിലായി മുന്നൂറിലധികം വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്. ഇത്രയധികം വോട്ടിംഗ് മെഷീനുകള്‍ തകരാറിലായത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നു.
വോട്ടിങ് മെഷീനില്‍ സെല്ലോടേപ്പും പേപ്പറുകളും തിരുകിയാണ് തകരാറിലാക്കിയത്. യന്ത്രങ്ങള്‍ക്കുള്ളില്‍ പശ ഒഴിച്ചതായും കണ്ടെത്തി. മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രത്തകരാര്‍ വ്യാപകമായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: