ആവണിപ്പാറ വനവാസി ഊരിലെ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്താനായി
കല്ലേലി റബര്‍തോട്ടത്തിലെ ലേബര്‍ക്ലബ്ബില്‍ ക്യൂ നില്‍ക്കുന്നു
പത്തനംതിട്ട: കലിതുള്ളിയൊഴുകുന്ന കാട്ടാറും കടന്ന് നാല്‍പതു കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ആവണിപ്പാറയിലെ വനവാസികള്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലാണ് ആവണിപ്പാറ വനവാസി ഊര്. കോന്നി വനംഡിവിഷന്റെ കീഴിലുള്ള മണ്ണാറപ്പാറ റേഞ്ചില്‍പെട്ട ഇവിടെ 32 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
ഹാരിസണിന്റെ കല്ലേലിയിലെ റബര്‍തോട്ടത്തിലുള്ള ലേബര്‍ക്ലബ്ബിലാണ് ഇക്കുറി ഇവര്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അധികൃതര്‍ സൗകര്യമൊരുക്കിയത്. ലോക്‌സഭാ , നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആവണിപ്പാറവനവാസി ഊരിലെ അങ്കന്‍വാടിയിലായിരുന്നു ബൂത്ത് ഒരുക്കിയിരുന്നത്. എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ ആറുംകടന്ന് 40 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ അച്ചന്‍കോവില്‍ വനമേഖയിലുണ്ടായ കനത്ത മഴയെത്തെടുര്‍ന്ന് അച്ചന്‍കോവിലാര്‍ വനത്തിലൂടെ കലിതുള്ളി ഒഴുകുകയാണ്. ഇതുമറികടക്കാന്‍ ഇവര്‍ക്ക് മുളകള്‍കൂട്ടിക്കെട്ടിയ ചങ്ങാടമായിരുന്നു ആശ്രയം.
കേവലം വിരലിലെണ്ണാവുന്നവര്‍മാത്രം കയറാവുന്ന ചങ്ങാടത്തില്‍ വിരല്‍തൊട്ടാല്‍ മുറിയുന്ന ഒഴുക്കിനെ അതിജിവിച്ചാണ് ഇവര്‍ ഇക്കരെയെത്തിയത്. 32 കുടുംബങ്ങളിലായി 63 വോട്ടര്‍മാരാണ് ഈ ഊരില്‍ ആകെയുള്ളത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം 50 ഓളം പേര്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ഇന്നലെ കാടിറങ്ങിയത്.
അച്ചന്‍കോവിലാറുകടന്ന് മറുകരയിലെത്തിയ ഇവരെ അഞ്ചുജീപ്പുകളിലായാണ് പോളിംഗ് ബൂത്തിലെത്തിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഊരുമൂപ്പനായ അച്യൂതന് സംഘത്തെ നയിക്കാനായില്ല. പകരം ഭാര്യ 21 കാരി തങ്കമണിയാണ് ഇവരെ നയിച്ചത്. സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തില്‍ പ്രത്യേക സൗകര്യവും അധികൃതര്‍ ഇവര്‍ക്കൊരുക്കിക്കൊടുത്തു.
















