കോട്ടയം: മുന്നണികളില്‍ പ്രതീക്ഷ വളര്‍ത്തി വോട്ടിംഗ് ശതമാനം റോക്കറ്റുപോലെ ഉയര്‍ന്നു. ആദ്യ മണിക്കൂറുകളില്‍ തന്നെ സമ്മതിദാനാവാകാശം വിനിയോഗിക്കുന്ന കാര്യത്തില്‍ കോട്ടയം ഒന്നാമതെത്തി. ഉച്ചയ്‌ക്ക് ശേഷം കാലാവസ്ഥ മോശമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും തുടക്കത്തില്‍ തന്നെ വോട്ടിംഗ് ശതമാനം ഉയരാ ന്‍ കാരണമായി.
രാവിലെ 10 മണിക്ക് മുമ്പ് തന്നെ 16 ശതമാനംവോട്ട് ചെയ്തിരുന്നു. ഉച്ചയ്‌ക്ക് 12.30 ന് ഇത് 44 ശതമാനമായി ഉയര്‍ന്നു. നാല് മണിയോടെ ഇത് 74 ശതമാനമായി. തുടക്കത്തില്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ വോട്ടിംഗ് ശതമാനം കൂടുതലായിരുന്നു. മാറിയ രാഷ്‌ട്രീയ സാഹചര്യങ്ങളും വോട്ടിംഗ് നില മെച്ചപ്പെടാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.
യുഡിഎഫിന്റെ കോട്ടയായി വിലയിരുത്തപ്പെടുന്ന സ്ഥലമാണ് കോട്ടയം. ഇത് കൈവിട്ടുപോകുന്നത് മുന്നണിയുടെ ആത്മവിശ്വാസത്തെ തന്നെ തകര്‍ക്കുമെന്ന് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ചും ബാര്‍കോഴ കേസില്‍ മാണിക്കെതിരായി വിജിലന്‍സ് കോടതി വിധി വന്ന സാഹചര്യത്തില്‍. അതിനാല്‍ ഇവിടെ പൊതുയോഗത്തേക്കാള്‍ കുടുംബയോഗങ്ങളിലും ഗൃഹസന്ദര്‍ശനങ്ങളിലുമാണ് യുഡിഎഫ് ശ്രദ്ധകേന്ദ്രീകരിച്ചത്. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ വീടുകള്‍ കയറിയിറങ്ങി നേരിട്ട് വോട്ടഭ്യര്‍ത്ഥിച്ചു.
ഗൃഹ സന്ദര്‍ശനത്തിലൂടെ വോട്ടര്‍മാരെ സ്വന്തംപക്ഷത്ത് ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ നടത്തിയത്. കുടുംബയോഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളും ഉപയോഗിച്ചുവെന്നു വേണം കരുതാന്‍. അനുഭാവികളായ മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗങ്ങളില്‍ സ്വീകരിക്കപ്പെട്ടു. ഇത് തുടക്കത്തില്‍ തന്നെ പോളിംഗ് ശതമാനം ഉയര്‍ത്തിയതായി യുഡിഎഫ് കരുതുന്നു.
ദേശീയ സംസ്ഥാന വിഷയങ്ങളിലുള്ള ജനാഭിപ്രായമാണ് പോളിംഗ് ഉയരാന്‍ കാരണമായതായി എല്‍ഡിഎഫ് വിശ്വസിക്കുന്നത്. ഇത് തങ്ങള്‍ക്കനുകൂലമാകുമെന്നും അവര്‍ വിശ്വസിക്കുന്നു. യുഡിഎഫ് കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്താമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.
ജില്ലയിലെ മിക്ക സ്ഥലങ്ങളിലും എസ്എന്‍ഡിപിക്ക് നിര്‍ണ്ണായക സ്വാധീനമാണ് ഉള്ളത്. ബിജെപി സമത്വമുന്നണി സഖ്യം രൂപപ്പെട്ടപ്പോള്‍ തന്നെ അതിന്റെ ആവേശം ജില്ലയിലുടനീളം പ്രകടമായിരുന്നു.
താഴേത്തട്ടു മുതല്‍ ഒരു ഭരണമാറ്റം ആഗ്രഹിച്ചിരുന്ന ജനങ്ങള്‍ക്ക് ഇക്കുറി അതിന്റെ ആവേശവും ഉണ്ടായിരുന്നു. ഇക്കാരണം കൊണ്ടു തന്നെ വോട്ടിംഗ് ശതമാനം ഉയര്‍ന്നിട്ടുള്ളതായി നിരീക്ഷകള്‍ വിലയിരുത്തുന്നു.
പി.സി ജോര്‍ജ്ജിന്റെ രാഷ്‌ട്രീയഭാവിയും ഈ തെരഞ്ഞെടുപ്പിലും വിലയിരുത്തപ്പെടും. ഈരാറ്റുപേട്ട നഗരസഭയിലും പൂഞ്ഞാറിലും പി.സി ജോര്‍ജ്ജിന് പ്രത്യേക സ്വാധീനമുണ്ട്. ഇത് സംബന്ധിച്ച വിലയിരുത്തല്‍ കൂടിയാകും ഈ തെരഞ്ഞെടുപ്പ്.
















