തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അധികാരഭ്രാന്താണെന്ന് മഹിളാമോര്‍ച്ച ജില്ലാ അധ്യക്ഷ ഹേമലത. കേരളത്തിന്റെ ഭരണം ഭ്രാന്തന്മാരുടെ കൈകളിലാണെന്നും അവര്‍ ആരോപിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കു നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും പിണറായി വിജയന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനെത്തിയതായിരുന്നു മഹിളാമോര്‍ച്ച.
മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ വേദനയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നശിക്കും. മകനെ നഷ്ടപ്പെട്ട അമ്മ നീതിക്കുവേണ്ടിയാണ് ഡിജിപിയുടെ ഓഫീസിനു മുന്നിലെത്തിയത്. അല്ലാതെ അക്രമത്തിനു വന്നതല്ല. ആ അമ്മയോടൊപ്പം കേരളത്തിലെ ലക്ഷക്കണക്കിന് അമ്മമാരുടെ കണ്ണുനീരുണ്ട്. അധികാര ഭ്രാന്ത് പിടിപെട്ട സര്‍ക്കാരില്‍ സംസ്കാരത്തോടെ സംസാരിക്കാനറിയാത്ത മന്ത്രിമാരാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് അവര്‍ പ്രതിഷേധിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്രീജാ സുദര്ശന്, ജില്ലാ വൈസ് പ്രസിഡന്റ് സ്വപ്ന സുദര്ശന്, ജനറല്‍ സെക്രട്ടറിമാരായ അനു അയ്യപ്പന്, ശ്രീകുമാരി അമ്മ, ട്രഷറര്‍ ബിന്ദു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: