തിരുവനന്തപുരം: സംസ്ഥാനം ഉറ്റുനോക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിയത്. 11 മണിയോടെ കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഫലം പൂര്‍ണ്ണമായും അറിയാന്‍ സാധിക്കും. ഉച്ചയോടെ ഗ്രാപഞ്ചായത്തുകളുടെയും വൈകുന്നേരത്തോടെ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെയും ഫലം അറിയാന്‍ കഴിയും.
ഗ്രാമപഞ്ചായത്തിലും വോട്ടിങ് യന്ത്രം ഉപയോഗിച്ചതിനാല്‍ വൈകുന്നേരത്തോടെ സംസ്ഥാനത്തെ മുഴുവന്‍ ഫലവും ലഭ്യമാകും. ആറു കോര്പ്പറേഷന്, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികള്‍, 152 ബ്ലോക്ക് പഞ്ചായത്ത്, 941 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ 1,199 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനോടൊപ്പം 26 മുനിസിപ്പാലിറ്റികളും പൂതിയതായി രൂപീകരിച്ചതാണ്.
വോട്ടെണ്ണുന്നതിനു വേണ്ടി സംസ്ഥാനമൊട്ടാകെ 244 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുള്ളത് എറണാകുളത്താണ്. 28 എണ്ണം. കുറവ് വയനാടും, ഏഴ്. തിരുവനന്തപുരം-16, കൊല്ലം-16, പത്തനംതിട്ട-12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, കണ്ണൂര്‍- 20, കാസര്‍കോഡ്-9 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്കുതലത്തിലുള്ള വിതരണ സ്വീകരണകേന്ദ്രങ്ങളും നഗരസഭകളില്‍ അതതു സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 69.91 ശതമാനം പോരാണ് വോട്ടുരേഖപ്പെടുത്തിയത്. ഇത്തവണ 78.33 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബിജെപിയുടെ കടന്നുകയറ്റം മുന്നണികളെ സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണ തെരഞ്ഞെടുപ്പിനുമുമ്പും ശേഷവും ഇടതു വലതു മുന്നണികള്‍ തങ്ങള്വിജയിക്കാവുന്ന സീറ്റുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കുമായിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോഴും കണക്കെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ നേതൃത്വങ്ങള്‍ വിഷമവൃത്തത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: