കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മോഷണം. സ്റ്റാഫ് റൂമിലെ മേശ കുത്തി തുറന്ന് ഇരുപതിനായിരത്തി ഒരുനൂറ്റി അമ്പത് രൂപ മോഷണം പോയി. വെള്ളിയാഴ്‌ച്ച വൈകിട്ട് അഞ്ച് മണിക്കും ശനിയാഴ്‌ച്ച രാവിലെ പത്തരയ്‌ക്കുമിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഹൈസ്‌കുളിലെ വിദ്യാര്‍ത്ഥികളുടെ റെക്കോര്‍ഡ്‌സ് വാങ്ങിയ ഇനത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച് കടയുടമയ്‌ക്ക് നല്‍കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയത്. സ്റ്റാഫ് റൂമിന്റെ വാതില്‍ കുത്തി തുറന്നാണ് മോഷണം നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്‌ച്ച രാവിലെ സ്‌കൂളിലെത്തിയ അധ്യാപകനാണ് മോഷണ വിവരമറിയുന്നത്. സ്റ്റാഫ് റൂമിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയ അധ്യാപകന്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മേശ കുത്തി തുറന്ന നിലയില്‍ കിടക്കുന്നത് കണ്ടത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ സ്റ്റാഫ് റൂമും മോഷ്ടാക്കള്‍ കുത്തി തുറന്ന് മോഷണ ശ്രമം നടത്തിയെങ്കിലും ഇവിടെ നിന്നും ഒന്നും മോഷണം പോയിട്ടില്ല. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസും സയന്റിഫ്ക് വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കടുത്തുരുത്തി സി ഐ കെ പി തോംസണിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
















