മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മുസ്ലിം ലീഗില്‍ പൊട്ടിപ്പുറപ്പെട്ട കലാപം പുതിയ തലങ്ങളിലേക്ക്. മന്ത്രി മഞ്ഞളാംകുഴി അലിക്കും മുന്‍ മന്ത്രി നാലകത്ത് സൂപ്പിക്കും എതിരെയുള്ള പ്രതിഷേധം രൂക്ഷമായി. ഇവരെ വിമര്‍ശിച്ച് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. നാലകത്ത് സൂപ്പി സിപിഎമ്മിനു വേണ്ടി വന്‍തോതില്‍ വോട്ടുകള്‍ മറിച്ചെന്നാണ് പോസ്റ്ററുകളില്‍ ആരോപിക്കുന്നത്.
മന്ത്രി മഞ്ഞളാംകുഴി അലിയെ ”അഞ്ചാം മന്ത്രി” എന്ന് വിശേഷിപ്പിച്ചാണ് പരിഹസിക്കുന്നത്. പെരിന്തല്‍മണ്ണ മണ്ഡലത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ വ്യാപകമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയായ വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും ഇവര്‍ക്കെതിരെ വിമര്‍ശനമുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും അഞ്ചാം മന്ത്രിയെ തോല്‍പ്പിക്കുമെന്നാണ് ലീഗ് അണികളുടെ നിലപാട്. അതിനുള്ള കരുനീക്കം തുടങ്ങിയതായും പറയുന്നു.
ഇടതുപാളയത്തില്‍ നിന്നെത്തിയതിന് ശേഷം അലിയുടെ അപ്രമാഭിത്വം തന്നെയായാണ് ലീഗില്‍. പെരിന്തല്‍മണ്ണയിലെ ലീഗിന്റെ അവസാന വാക്കായിരുന്ന നാലകത്ത് സൂപ്പി പോലും ഒതുക്കപ്പെട്ടു. പാര്‍ട്ടിയുടെ പോഷക വിഭാഗങ്ങളായ യൂത്ത് ലീഗിലും എംഎസ്എഫിലും അലി അനുകൂലികള്‍ പിടിമുറുക്കി. മുമ്പ് തങ്ങളുടെ സന്തത സഹചാരി ആയിരുന്ന നേതാവിനോട് പ്രാദേശിക സിപിഎം നേതാക്കളും വിധേയത്വം കാത്തു സൂക്ഷിച്ചു. വര്‍ഷങ്ങളായി ലീഗില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് നിരാശ കൂട്ടാന്‍ ഇതൊക്കെ കാരണമായി. അലിയെ എങ്ങനെയും ഒതുക്കാനാണ് പ്രദേശിക നേതാക്കളുടെ നീക്കം. അതിന് ലീഗിലെ തന്നെ ചില എംഎല്‍എമാരുടെ പിന്തുണയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: