കണ്ണൂര്‍: എന്ത് ചുവന്ന മണ്ണ്. മാര്‍ക്സിസ്റ്റ് ഭീകരതയുടെ ചുവന്ന മണ്ണിലാണ് വിമോചന യാത്രക്ക് സ്വീകരണം നല്‍കുന്നതെന്ന പ്രാദേശിക നേതാക്കളുടെ വിശേഷണത്തോട് ഈ മറുചോദ്യമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. നിരപരാധികളായ ബലിദാനികളുടെ ചോരയിലാണ് മാര്‍ക്സിസ്റ്റുകാര്‍ ഈ മണ്ണിനെ ചുവപ്പിച്ചത്. പാവപ്പെട്ടവന്റെ പേരില്‍ നേതാക്കള്‍ കോടികള്‍ സമ്പാദിച്ചപ്പോള്‍ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു. കണ്ണൂരിലെ ചെങ്കോട്ടകള്‍ ഇപ്പോള്‍ ഓര്‍മകളില്‍ മാത്രമാണെന്ന് കുമ്മനം പറഞ്ഞു നിര്‍ത്തിയത് നിലക്കാത്ത കൈയടികള്ക്കിടയിലായിരുന്നു.
കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം പതിവിലധികം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് വിമോചന യാത്ര ജില്ലയിലെത്തിയത്. ബലിദാനികളുടെ വീര സ്മരണകള്‍ ഇരമ്പിയ നടുവിലെ ആദ്യ സ്വീകരണത്തിനിടെ ആ വാര്‍ത്തയെത്തി. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജനെ സിബിഐ പ്രതി ചേര്‍ത്തിരിക്കുന്നു. ഇന്നലെ യാത്രയുടെ സമാപനം മനോജിന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്ന തലശ്ശേരി ആയിരുന്നുവെന്നത് കാവ്യനീതിയാകാം. പതിനായിരങ്ങള്‍ ഒഴുകിയെത്തിയ സ്വീകരണ സമ്മേളനം മനോജിനുള്ള ശ്രദ്ധാഞ്ജലിയും ചുവപ്പന്‍ ഭീകരതക്കുള്ള താക്കീതുമായി.
കണ്ണൂരിലെ അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടതിന്റെ ആവശ്യകത ഓരോ സ്വീകരണ സമ്മേളനങ്ങളിലും കുമ്മനം ഊന്നിപ്പറഞ്ഞു. ഒരുപാധിയുമില്ലാതെ ചര്‍ച്ചക്ക് ബിജെപി തയ്യാറാണെന്ന കുമ്മനത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തെ ബലിദാനി കുടുംബാംഗങ്ങളുള്‍പ്പെടെ ഹര്‍ഷാരവത്തോടെയാണ് പിന്തുണച്ചത്. ചര്‍ച്ചക്ക് തയ്യാറാവുന്നത് ദൗര്‍ബല്യമല്ല. അക്രമരാഷ്ട്രീയം നാടിന്റെ വികസനത്തിന് നല്ലതല്ലെന്ന മുന്‍ നിലപാട് തന്നെയാണിത്. എന്നാല്‍ നിഷേധാത്മക രാഷ്ട്രീയമാണ് സിപിഎം പുലര്‍ത്തുന്നത്.
ആര്‍എസ്എസ് കത്തി താഴെയിട്ടാല്‍ ചര്‍ച്ചയാകാമെന്ന് പറഞ്ഞ പിണറായിക്ക് മറുപടി നല്‍കാത്തത് ബിജെപി സിപിഎമ്മിനോളം തരംതാഴാത്തതിനാലണെന്ന് കുമ്മനം വ്യക്തമാക്കി. കണ്ണൂരില്‍ ചെങ്കോട്ടകളില്ലെന്ന തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു വിമോചന യാത്രക്ക് ജില്ലയിലുടനീളം ലഭിച്ച സ്വീകരണം. സിപിഎം കേന്ദ്രങ്ങളായിരുന്ന പിലാത്തറ, നടുവില്‍, മയ്യില്‍, പുതിയതെരു, മമ്പറം എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ മണിക്കൂറുകളോളം കുമ്മനത്തെ കാത്തിരുന്നത് കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായി.
ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ വിനോദ്കുമാറിന്റെ പിതാവ് സി.എം. ചന്ദ്രശേഖരനാണ് പയ്യന്നൂരില്‍ ജനനായകനെ സ്വീകരിച്ചത്. സിപിഎം ഭീകരതയുടെ ഏറ്റവുമൊടുവിലത്തെ ബലിദാനി ചീക്കാട് രാജന്റെ ഭാര്യ രജിത പിലാത്തറയില്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി.
മതഭീകരവാദികള്‍ അരുംകൊല വിശാലിന്റെ കുടുംബമുള്‍പ്പെടെ കണ്ണൂരിലും തലശ്ശേരിയിലും നടന്ന പരിപാടികളില്‍ അഭിവാദ്യമര്പ്പിക്കാനെത്തിയപ്പോള് സിപിഎമ്മിന്റെ ഉന്മൂലന രഷ്ട്രീയത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ സംഗമവേദി കൂടിയായി വിമോചന യാത്ര. നഷ്ടപ്പെടലിന്റെ ആഴങ്ങളിലും യാത്രനായകനുമായി വേദനകള്‍ പങ്കുവെക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല. നാടിന്റെ നന്മക്ക് സമാധാനം വേണമെന്ന് പൊറുക്കാനാകാത്ത ക്രൂരതക്കിരയായിട്ടും അവര്‍ പറഞ്ഞത് ആദര്‍ശരാഷ്ട്രീയത്തെ നെഞ്ചേറ്റിയതിനാലാകാം. അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രക്കാര്‍ എന്നാണിതൊക്കെ ഉള്‍ക്കൊള്ളുക!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: