എന്തിനാണ് ഇങ്ങനെയൊരു മുദ്രാവാക്യം? സോളാറും ബാര്‍ കോഴയും ലാവ്ലിനും ഉള്ളപ്പോള്‍ അന്നവും ജലവും തൊഴിലും മുദ്രാവാക്യമാക്കുന്നതില്‍ എന്താണ് രാഷ്ട്രീയ നേട്ടം? അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിമോചന യാത്ര ഉപ്പളയില്‍ നിന്നും ആരംഭിച്ചപ്പോള്‍ നെറ്റി ചുളിച്ച മാധ്യമപ്രവര്‍ത്തകര്‍ ധാരാളം. കക്ഷി രാഷ്ട്രീയത്തിന്റെ കള്ളികളിലൊതുങ്ങാത്ത അജണ്ടകള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ സംശയമുയരുക സ്വാഭാവികം. എന്നാല്‍ യാത്രാനായകന് കുമ്മനത്തിന് സംശയമേതുമുണ്ടായില്ല.
എന്താണ് ജനങ്ങളുടെ പ്രശ്നം? ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കുമ്മനം ചോദിക്കുന്നു. ഇവിടെ ജീവിക്കാന്‍ ഭൂമിയുണ്ടോ? കുടിക്കാന്‍ വെള്ളമുണ്ടോ? തൊഴിലില്ലാതെ വിദ്യാഭ്യാസമുള്ള യുവാക്കള്‍ പോലും നാട് വിടുന്നു. അടിസ്ഥാന വിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവരുടെ ജീവല്‍ പ്രശ്നങ്ങളല്ലാതെ മറ്റെന്താണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് കുമ്മനം ചോദിക്കുമ്പോള്‍ തെളിയുന്നത് ഇടത് വലത് മുന്നണികള്ക്കന്യമായ യഥാര്‍ത്ഥ ജനകീയ രാഷ്ട്രീയമാണ്.
പരാജയം മറച്ചുവെക്കാന്‍ അരാഷ്ട്രീയമെന്ന് സിപിഎമ്മും കോണ്‍ഗ്രസും മുദ്രകുത്തിയ ജീവല്‍പ്രശനങ്ങള്‍ കുമ്മനത്തിലൂടെ ഉയിര്ത്തെഴുന്നേല്ക്കുമ്പോള് രാഷ്ട്രീയ കേരളത്തിന്റെ അജണ്ട തീരുമാനിക്കുന്നത് ഇനി ബിജെപി കൂടിയായിരിക്കുമെന്ന ശക്തമായ മുന്നറിയിപ്പ് കൂടിയാണിത്.
എന്തുകൊണ്ടാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ജീവല്‍ പ്രശ്നങ്ങള്‍ അവഗണിക്കുന്നെന്ന മറു ചോദ്യം കൂടിയുണ്ട് കുമ്മനത്തിന്. കുമ്മനത്തിന്റെ ബിജെപിയും മറ്റ് പാര്‍ട്ടികളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണത്. ആക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ നിഷേധാത്മക രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായി ഭാവാത്മക രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് കുമ്മനം വ്യക്തമാക്കുന്നു. കണ്ണൂരിന്റെ സമാധാനത്തിന് ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎമ്മിന്റെ ഉന്മൂലന രാഷ്ടീയത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ബലിദാനി കുടുംബങ്ങള്‍ക്ക് മുന്നില്‍ കണ്ണൂരില്‍ വെച്ച് തന്നെ കുമ്മനത്തിന് പറയാന്‍ സാധിക്കുന്നത് ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താവായതിനാലാണ്. പിണറായിക്ക് പറയാന്‍ സാധിക്കാത്തതും സുധീരന് പരിഹസിക്കേണ്ടി വരുന്നതും ആദര്‍ശത്തിന്റെ അഭാവമുള്ളതിനാലാണ്.
പരസ്പരം കുറ്റപ്പെടുത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഭക്ഷണം തിരയേണ്ടിവരുന്ന വനവാസി കുട്ടികളുള്ള കേരളത്തില്‍ ജീവല്‍ പ്രശ്നങ്ങളാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന് കുമ്മനം തെളിയിക്കുന്നത് കോളനി കയറി അവരോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടാണ്. പ്രകൃതിയെക്കുറിച്ച് സംസാരിക്കുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്.
ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചും കുടിവെള്ളത്തെക്കുറിച്ചും ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നത് ഹൃദയത്തില്‍ നിന്നാണ്. സ്വീകരണ കേന്ദ്രങ്ങളില്‍ ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ ബദല്‍ രാഷ്ട്രീയത്തെ ഹൃദയത്തിലേറ്റിയതിന്റെ തെളിവായി മാറുന്നു. കേരളത്തിന്റെ വിമോചനം തുടങ്ങിയെന്നതിന് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: