കോഴിക്കോട്: ശതാഭിഷിക്തനായ കഥകളി ആചാര്യന് ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായരുടെ മനം കവര്‍ന്ന് വിമോചനയാത്രാ നായകന് കുമ്മനം രാജശേഖരന്. വിമോചന യാത്രയുമായി കൊയിലാണ്ടിയില്‍ എത്തിയപ്പോഴാണ് കുമ്മനം രാജശേഖരന് ഗുരു ചേമഞ്ചേരിയെ സന്ദര്‍ശിച്ചത്.
ഗുരുവുമായി സംസാരിച്ച കുമ്മനം ഗുരുവില്‍ നിന്ന് അനുഗ്രഹവും വാങ്ങി. ഗുരുവിനെപ്പോലുള്ള കലാകാരന്മാരുടെ അനുഗ്രഹവും പിന്തുണയുമെല്ലാം യാത്രയുടെ വിജയത്തിന് ആവശ്യമാണെന്ന് കുമ്മനം പറഞ്ഞു. നമ്മുടെ കലയും സംസ്കാരവുമെല്ലാം സംരക്ഷിക്കുന്നതിലും പകര്‍ന്നു നല്‍കുന്നതിലും ഗുരുവിനേപ്പോലുള്ളവര് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഗുരുവിനെ കാണാനായതും അനുഗ്രഹം വാങ്ങാനായതും വലിയ ഭാഗ്യമായി കാണുന്നുവെന്ന് കുമ്മനം പറഞ്ഞു.
കൊയിലാണ്ടിയിലെ സ്വീകരണത്തിന് ശേഷം കോഴിക്കോട്ടേക്കുള്ള യാത്രാമദ്ധ്യേ തിരുവങ്ങൂര്‍ നരസിംഹക്ഷേത്രത്തിന് സമീപമുള്ള മഠത്തില്‍ സുധീര്‍ബാബുവിന്റെ പാഞ്ചജന്യം വീട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
ഗുരുവിനെ കണ്ടമാത്രയില്‍ കുമ്മനം അദ്ദേഹത്തിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് കുശലങ്ങള്‍ അന്വേഷിച്ചു. നൂറുപിന്നിട്ടെങ്കിലും ഇപ്പോഴും കലാ രംഗത്ത് സജീവമായ ഗുരുവിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും കുമ്മനം നേര്‍ന്നു. ഗുരുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന കഥകളി വിദ്യാലയത്തിന് ലഭിച്ചുകൊണ്ടിരുന്ന ഗ്രാന്റ് തുടര്‍ന്നും ലഭിക്കുന്നതിന് സഹായകമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുമ്മനം ഗുരുവിന് ഉറപ്പു നല്കി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, ആര്‍എസ്എസ് പ്രാന്ത ബൗധിക് പ്രമുഖ് കെ. പി. രാധാകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ ടി.പി ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: