ചേളാരി(മലപ്പുറം): കേരളത്തിലെ മന്ത്രിമാര്‍ അഴിമതിപ്പണം നിക്ഷേപിക്കുന്നത് ഗള്‍ഫ് നാടുകളിലാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍. വിമോചനയാത്രക്ക് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാമികളുടെ പേരില്‍ പലതരത്തിലുള്ള ബിസിനസ്സുകളാണ് മന്ത്രിമാര്‍ നടത്തുന്നത്. ഇത് കണ്ടെത്തി അഴിമതിപ്പണം തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കണം. കഴിഞ്ഞ ദിവസം അബുദാബി സന്ദര്‍ശിച്ച തനിക്ക് മന്ത്രിമാരുടെ ഇത്തരം ഇടപാടുകള്‍ സംബന്ധിച്ച് ചില വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ പേരില്‍ മാത്രം രണ്ട് മന്ത്രിമാരാണ് രാജിവെച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി തന്നെ രാജിവെക്കേണ്ടതായിരുന്നു. ബാര്‍കോഴ കേസില്‍ അവസാനം വിജിലന്‍സ് കോടതി കുറ്റപ്പെടുത്തിയത് ബാബുവിനെയല്ല സര്‍ക്കാരിനെ തന്നെയാണ്. ഇതിലും രൂക്ഷമായ ഭാഷയില്‍ ഒരു കോടതിക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാനാവില്ല. ഉമ്മന്‍ചാണ്ടിയാണ് ബാബുവിനെയും മാണിയേയും സംരക്ഷിച്ചിരുന്നത്. തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ബാബു പറഞ്ഞിരുന്നു. ഇനിയെങ്കിലും ബാബുവും ബാര്‍ ഉടമകളും സത്യം തുറന്ന് പറയണം. അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.
വിമോചനയാത്ര തുടങ്ങിയപ്പോള്‍ തന്നെ ചിലര്‍ അകത്താകുന്നതും മറ്റുചിലര്‍ പുറത്താകുന്നതുമായ കാഴ്ചകളാണ് കാണുന്നത്. ബാബു രാജിവെച്ച് പുറത്തുപോയപ്പോള്‍ കൊലക്കേസില്‍ പ്രതിയായ സിപിഎം നേതാവ് ജയിലിലേക്ക് പോകാന്‍ തയ്യാറായി നില്ക്കുന്നു. അഴിമതി രാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും ജനങ്ങള്‍ തള്ളികളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പീതാംബരന് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണ്, സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്, സംസ്ഥാനസമിതിയംഗം രാധാകൃഷ്ണമേനോന്, പി.രാഘവന്, എം.പ്രേമന് മാസ്റ്റര്‍, രാജീവ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: