മലപ്പുറം: കേരളഗാന്ധി കേളപ്പജിയുടെ കർമ്മഭൂമിയിൽ, തുല്യനീതി നിഷേധിക്കപ്പെട്ടവർക്കുള്ള മോചനശബ്ദമായി വിമോചനയാത്ര മലപ്പുറത്തെ മണ്ണിൽ പര്യടനം തുടരുന്നു. പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനതക്ക് ആത്മവിശ്വാസമേകിയാണ് സമരനായകൻ കുമ്മനം ജൈത്രയാത്ര തുടരുന്നത്. കേരളത്തിന്റെ ഭാവിരാഷ്‌ട്രീയത്തിന്റെ അവിശുദ്ധ സഖ്യമായ അവിയൽ മുന്നണി പിറവിയെടുത്ത ജില്ലയിൽ, മുന്നണികളുടെ അതിമോഹങ്ങളെ തകർത്തെറിയുമെന്ന സന്ദേശം നൽകിയാണ് പതിനായിരങ്ങൾ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. ബിജെപിക്കെതിരെ ഇടത്-വലത് മുന്നണികൾ കൈകോർത്ത കോട്ടയ്‌ക്കലിൽ സമാപന യോഗത്തിനെത്തിയ ജനാവലി സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തി.
പേരിനുമാത്രം തമ്മിൽ പോരടിക്കുന്ന എൽഡിഎഫും യുഡിഎഫും സയാമീസ് ഇരട്ടകളാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി വിചാരിച്ചാൽ കുറ്റക്കാരനെ കൈയാമം വെച്ച് നടത്തിക്കാം. സോളാർ അഴിമതിക്കാരെ ഭരണത്തിൽനിന്ന് പുറന്തള്ളാൻ സിപിഎമ്മിന് സാധിക്കും. ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ വക്താക്കളായ രണ്ടുകൂട്ടരും അത് ചെയ്യില്ല. എന്നാൽ ബിജെപിയെ കുറ്റം പറയമ്പോൾ ഇവർക്ക് കഴുത്തിന് ചുറ്റും നാവാണ്. ഇത്തരക്കാരെ കഴുത്തിന് പിടിച്ച് പുറത്താക്കേണ്ട സമയമായിരിക്കുന്നു, കുമ്മനം പറഞ്ഞപ്പോൾ നീണ്ട കരഘോഷം.
ഭാഷാപിതാവിന്റെ പ്രതിമയെ പോലും മതഅസഹിഷ്ണുതയാൽ കുഴിച്ചു മൂടിയ നാട്ടിൽ സൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയർത്തിയായിരുന്നു കുമ്മനത്തിന്റെ പ്രസംഗം. മതഭീകരത വർദ്ധിക്കുന്നുവെന്ന പാണക്കാട് തങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ പാർട്ടികൾ തമ്മിലും മതങ്ങൾ തമ്മിലും സൗഹാർദ്ദം ആവശ്യമാണ്. സിപിഎമ്മും കോൺഗ്രസ്സും മതങ്ങളെ തമ്മിലടിപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്നാലേ ന്യൂനപക്ഷ സംരക്ഷകരായി സ്വയം പ്രഖ്യാപിച്ച് മുതലെടുപ്പ് നടത്താൻ സാധിക്കു. ഞാൻ മതഭീകരനാണെന്ന് വരെ ഇവർ പ്രചരിപ്പിച്ചു. നികൃഷ്ടജീവിയെന്ന് ബിഷപ്പുമാരെ വിശേഷിപ്പിച്ച പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല.
വർഗീയവാദിയാണെങ്കിൽ എന്തിനാണ് ഇവർ ആറന്മുളയിൽ എനിക്കൊപ്പം വേദി പങ്കിട്ടത്. എങ്ങനെയാണ് ബിഷപ്പുമാർക്ക് എന്നെ സ്വീകരിക്കാൻ സാധിക്കുന്നത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമുമെല്ലാം ഒരമ്മപെറ്റ ഭാരതാംബയുടെ മക്കളാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.
എഴുത്തച്ഛനും പൂന്താനവും മേൽപ്പുത്തൂരും ഇഴചേർത്തെടുത്ത സാംസ്‌കാരിക പൈതൃകത്തിന്റെ തിരുമുറ്റത്ത് അന്യമായിക്കൊണ്ടിരിക്കുന്ന കേരളത്തനിമയുടെ വീണ്ടെടുപ്പിനുള്ള പ്രഖ്യാപനമായാണ് വിമോചന യാത്രയെ ജനങ്ങൾ വരവേറ്റത്.
എസ്എൻഡിപി, അരയസമാജം, യോഗക്ഷേമസഭ തുടങ്ങിയ സമുദായ സംഘടനകളുടെ നേതാക്കന്മാരും വിവിധ സ്ഥലങ്ങളിൽ സ്വീകരിക്കാനെത്തി. നിരവധി സേവനപ്രവർത്തനങ്ങളുടെ തുടക്കവും കുമ്മനം നിർവ്വഹിച്ചു.
റിപ്പബ്ലിക് ദിനമായതിനാൽ ഇന്ന് യാത്രയില്ല. നാളെ അങ്ങാടിപ്പുറത്ത് നിന്നും ആരംഭിക്കുന്ന യാത്ര പെരിന്തൽമണ്ണയിൽ സമാപിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.പി. ശ്രീശൻ മാസ്റ്റർ, പി.എം. വേലായുധൻ, സംസ്ഥാന സെക്രട്ടറിമാരായ ബി. ഗോപാലകൃഷ്ണൻ, രാജി പ്രസാദ്, വി.കെ. സജീവൻ, യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് കെ.പി. പ്രകാശ്ബാബു, ജില്ലാ പ്രസിഡണ്ട് കെ. രാമചന്ദ്രൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: