തിരൂര്‍: അഴിമതിതന്നെയാണ് മുഖ്യവിഷയമെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഈ സര്‍ക്കാര്‍ ഒരുദിവസം മുമ്പേ രാജിവെച്ചാല്‍ സംസ്ഥാനത്തിന് അത്രയും നാണക്കേട് കുറയുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അഴിമതിക്കേസില്‍ വിചാരണകാത്തു കഴിയുന്ന പിണറായി വിജയന് അഴിമതിക്കെതിരെ പറയുന്നതില്‍ വൈരുദ്ധ്യമേറെയുണ്ടെന്നും വിശദീകരിച്ചു. ഇന്നലെ മലപ്പുറത്ത് വിമോചന യാത്ര തുടങ്ങും മുമ്പ് മാധ്യമങ്ങളോടു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
നാലേമുക്കാല്‍ വര്‍ഷത്തിനിടയില്‍ മൂന്നു യുഡിഎഫ് മന്ത്രിമാര്‍ രാജിവച്ചു. അഴിമതിയുടെ പേരിലാണ് രണ്ട് രാജി. മുഖ്യമന്ത്രി അഴിമതി അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായി. അഴിമതി തന്നെയാണ് വിഷയം. ഈയൊരു സാഹചര്യം മുമ്പെങ്ങുമുണ്ടായിട്ടില്ല. കേരളത്തിന് ഇത് നാണക്കേടാണ്. കേരളത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കണമെങ്കില്‍ ഈ സര്‍ക്കാര്‍ ഭരണം ഒഴിയണം. ഒരു ദിവസം നേരത്തെ രാജി നല്കിയാല് അത്രയും നന്ന്.
ആരെ രക്ഷിക്കാനാണ് പിണറായി വിജയനും വി.എം. സുധീരനും യാത്രകള്‍ നടത്തുന്നതെന്ന് വ്യക്തമാക്കണം. അഴിമതിക്കേസില്‍ വിചാരണ കാത്തു കഴിയുന്ന പിണറായി വിജയന് അഴിമതിക്കെതിരെ പറയുന്നത് വിരോധാഭാസമാണ്. ജനദ്രോഹ നയങ്ങള്‍ തുടരുന്ന സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി പ്രസിഡന്റാണ് സുധീരന്. എന്നിട്ടും സുധീരന് ജനരക്ഷായാത്ര നടത്തുന്നത് സര്‍ക്കാരിനെതിരാണോ എന്നും വ്യക്തമാക്കണം. മതതീവ്രവാദത്തെകുറിച്ച് മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ്തങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. തീവ്രവാദവും ഭീകരവാദവും കേരളത്തില്‍ വേരുറപ്പിക്കാന്‍ ലീഗ് സമ്മതിക്കില്ലെന്ന നിലപാടിനെയും സ്വാഗതം ചെയ്യുന്നു, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: