മലപ്പുറം: തിരൂര്‍ സ്വദേശിയായ മുഹമ്മദ് റിയാസ് ആദ്യമായാണ് ബിജെപിയുടെ പരിപാടിക്ക് വന്നത്. കുമ്മനത്തെ സ്വീകരിക്കാനെത്തിയ റിയാസിനെ കുമ്മനം സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും യുഡിഎഫ് കണ്‍വീനറുമൊക്കെയായിരുന്ന റിയാസ് ഇനി ബിജെപിക്കൊപ്പമാണ്. ‘മുന്നണികള്‍ ഭരിച്ചു മുടിച്ചു. വോട്ടിനായി മതങ്ങളെ തമ്മിലടിപ്പിച്ച് രക്ഷകവേഷം ധരിച്ചു. കേരളത്തില്‍ എവിടെയാണ് സംഘപരിവാര്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കിയിരിക്കുന്നത്’. റിയാസിന്റെ ചോദ്യം മാറുന്ന മലപ്പുറത്തിന്റെ ചോദ്യമാണ്. മലപ്പുറത്തെ സ്വീകരണ കേന്ദ്രങ്ങളില്‍ കുമ്മനത്തെ സ്വീകരിക്കാനെത്തിയ ആയിരങ്ങള്‍ മാറ്റത്തിന്റെ കൊടുങ്കാറ്റിന്റെ സൂചനയും.
മുഖ്യധാരയില്‍ നിന്നും മുസ്ലീമിനെ ആട്ടിയകറ്റി സംഘപരിവാറിന്റെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ കപടമതേതര പാര്‍ട്ടികള്‍ കെട്ടിയ നുണക്കോട്ടകള്‍ തകരുന്ന കാഴ്ചയാണ് മലപ്പുറത്ത് വിമോചന യാത്ര നല്‍കിയത്. മുസ്ലീം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ ലഭിച്ച വന്‍ സ്വീകരണങ്ങള്‍ കേരളത്തിന്റെ ഭാവിരാഷ്‌ട്രീയത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. ന്യൂനപക്ഷ വിരുദ്ധരെന്ന പതിവ് നുണ കുമ്മനത്തിന്റെ പാര്‍ട്ടിയെക്കുറിച്ച് ഇനി വിലപ്പോവില്ല.
‘ഞാന്‍ ക്രിസ്ത്യന്‍ വിരോധിയാണോയെന്ന് ബിഷപ്പുമാര്‍ പറയട്ടെ. ഞാന്‍ മുസ്ലീം വിരോധിയാണോയെന്ന് മുസ്ലീം മതനേതാക്കള്‍ പറയട്ടെ. ബിഷപ്പുമാരെ നികൃഷ്ടജീവിയെന്ന് വിളിച്ച പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് എനിക്കും ബിജെപിക്കും ആവശ്യമില്ല’ ആര്‍ജവത്തോടെ മലപ്പുറത്തിന്റെ മണ്ണില്‍ കുമ്മനം നയം വ്യക്തമാക്കുമ്പോള്‍ ആവേശത്തോടെ ഭാരതമാതാവിന് ജയ് വിളിക്കുന്നവരില്‍ എതിരാളികള്‍ ശത്രുപക്ഷത്ത് നിര്‍ത്തിയ മുസ്ലീം സഹോദരങ്ങളുമുണ്ട്. ‘മറ്റുള്ളവരെപ്പോലെ മതേതരത്വം പ്രസംഗിച്ച് നടക്കേണ്ട ആവശ്യം ബിജെപിക്കില്ല. ബിജെപിക്ക് മതേതരത്വം ജീവിതചര്യയാണ്. എന്നും കുളിക്കാറുണ്ടെന്ന് പറഞ്ഞുനടക്കേണ്ട ആവശ്യമുണ്ടോ. ഭാവാത്മക മതേതരത്വത്തിലാണ് ബിജെപി വിശ്വസിക്കുന്നത്’. കുമ്മനം വിശദീകരിക്കുമ്പോള്‍ വേദിയിലുള്ള പരപ്പനങ്ങാടി സ്വദേശി അതികയും പിന്തുണക്കുന്നു.
ന്യൂനപക്ഷ മോര്‍ച്ചയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട് കല്ലന്‍ അബ്ദുറഹ്മാന്‍ നാല്‍പ്പത് വര്‍ഷത്തിലധികമായി ബിജെപിക്കൊപ്പമാണ്. ‘ബിജെപിയോട് മുസ്ലീം വിഭാഗത്തിന് ഇപ്പോള്‍ അകല്‍ച്ചയൊന്നുമില്ല. ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയില്‍ നിന്നുള്‍പ്പെടെ പ്രവര്‍ത്തകര്‍ പരിപാടിക്കെത്തിയിട്ടുണ്ട്. നുണകള്‍ അധികകാലം വിലപ്പോവില്ലെന്നതിന്റെ തെളിവാണിത്’ നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തോടെ അബ്ദുറഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നു.
ബിജെപിക്കാരനായാല്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന കാലമുണ്ടായിരുന്നുവെന്ന് ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി അബ്ദുള്‍ ജലീല്‍ പറയുന്നു. വിവാഹത്തിന് ക്ഷണിക്കില്ല. പള്ളിക്കമ്മറ്റികളില്‍ വിലക്കും. എന്നാല്‍ ഇപ്പോള്‍ സമുദായത്തിലെ ആത്മീയ നേതാക്കളുള്‍പ്പെടെ ബിജെപിയിലേക്ക് വരുന്നുണ്ട്. കഴിഞ്ഞ അംഗത്വ വിതരണ പരിപാടിയില്‍ ബാദുഷ തങ്ങള്‍ അംഗത്വമെടുത്തത് ചൂണ്ടിക്കാട്ടി ജലീല്‍ വിശദീകരിക്കുന്നു. ബിജെപിയെ വര്‍ഗ്ഗീയ പാര്‍ട്ടിയായി മുദ്രകുത്താന്‍ ആസൂത്രിതമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് വി.പി. അവി ചൂണ്ടിക്കാട്ടുന്നു.
മലപ്പുറത്തെ പര്യടനം പൂര്‍ത്തിയാക്കിയ വിമോചന യാത്ര ഇന്ന് പാലക്കാട് പ്രവേശിക്കും. മണ്ണാര്‍ക്കാട് നിന്നും ആരംഭിക്കുന്ന യാത്ര പാലക്കാട് ടൗണില്‍ സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന്‍,സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.പി.ശ്രീശന്‍ മാസ്റ്റര്‍, പി.എം. വേലായുധന്‍, പ്രമീള സി.നായ്‌ക്, സംസ്ഥാന സെക്രട്ടറിമാരായ വി.വി.രാജേഷ്, എ.കെ..നസീര്‍, വി.കെ.സജീവന്‍, ജില്ലാ പ്രസിഡണ്ട് കെ.രാമചന്ദ്രന്‍ എിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.
















