മലപ്പുറം: റിപ്പബ്ലിക് ദിനം പ്രമാണിച്ച് വിമോചനയാത്രക്ക് അവധി നല്കിയപ്പോഴും ജാഥാനായകന് കുമ്മനം രാജശേഖരന് നിളാ തീരത്തെത്തി. നിളാ വിചാരവേദിയുടെയും ഓറല്‍ ഹിസ്റ്ററി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന മാമാങ്ക ആഘോഷത്തിലാണ് അദ്ദേഹം പങ്കെടുത്തത്. പരിസ്ഥിതി പ്രശ്നങ്ങളില്‍ വര്‍ഷങ്ങളായി ഇടപെടുകയും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത കുമ്മനത്തിന്റെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
നദിതീരങ്ങള്‍ സംസ്കാരത്തിന്റെ നേര്സാക്ഷ്യങ്ങളാണെന്ന് കുമ്മനം പറഞ്ഞു.
കേരളത്തിലെ നദികളില്‍ നിന്ന് ഇപ്പോള്‍ നിലവിളിയാണ് ഉയരുന്നത്. അവയെ സംരക്ഷിക്കാന്‍ പുതിയ പ്രസ്ഥാനങ്ങള്‍ രൂപമെടുക്കേണ്ടത് അനിവാര്യമാണ്. നദികളുടെ ജീവനാഡിയായ നീരുറവകള്‍ നശിച്ചു. സാമൂഹത്തിന്റെ നിലനില്‍പ്പിന് കാരണമായ നദികള്‍ നശിക്കുന്നത് വേദനാജനകമാണ്. സംസ്കാരത്തിന്റെ കളിതൊട്ടിലായ നദീതീരങ്ങള്‍ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. മാമാങ്കം വലിയൊരു കൂട്ടായ്മയായിരുന്നു. നിലനില്‍പ്പിന്റെ ആധാരമായ വാണിഭമേളയായിരുന്നു മാമാങ്കം. എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പലരീതിയില്‍ മാമാങ്കം വ്യാഖ്യാനിക്കപ്പെടുന്നു. എന്നാല്‍ സത്യത്തിന്റെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് മാമാങ്കം പകര്‍ന്ന് നല്‍കുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാമാങ്ക ആഘോഷത്തിന്റെ പൊതുപരിപാടിയില്‍ വെട്ടത്ത് രാജവംശം ഇളമുറ തമ്പുരാന് മനോജ് വര്‍മ്മ ദീപപ്രോജ്ജ്വലനം നടത്തി. നിളാവിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് ആമുഖഭാഷണം നടത്തി. ആര്‍എസ്എസ് തിരൂര്‍ ജില്ലാ സംഘചാലക് പി.കൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മാമാങ്ക അഷ്ടകം രചിച്ച രമേശ് നമ്പീശനെ ചടങ്ങില്‍ ആദരിച്ചു. തിരൂര്‍ ദിനേശ് മാമാങ്ക ഐതീഹ്യ ചരിത്രം വിവരിച്ചു. വിഭാഗ് സംഘചാലക് കെ.ചാരു, തിരുന്നാവായ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പരമേശ്വരന്, ചെന്താമരാക്ഷന്, കെ.വി.ഉണ്ണി, പത്മനാഭന് മാസ്റ്റര്‍, കെ.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നിളാപൂജയും നിളാസ്നാനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: