പാലക്കാട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്റെ കൈവശമുള്ള സിഡിയിലെ മുഴുവന്‍ വിവരങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
രഹസ്യസ്വഭാവമുള്ള സിഡി തന്റെ പക്കലുണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. രഹസ്യമായി വന്നാല്‍ അത് കാണിച്ചുതരാമെന്നും സിഡിയിലെ വിവരങ്ങള്‍ പുറത്തുവന്നാല്‍ പല മാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ സിഡിയിലെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും കുമ്മനം പറഞ്ഞു.
സിഡി ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. സിഡിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് ജനമറിയട്ടേയെന്നും കുമ്മനം പറഞ്ഞു. പാലക്കാട് ജില്ലയിലെ പ്രചരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മണ്ണാര്‍ക്കാട്ട് നടന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്ത പരിപാടിക്കിടെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒഴിഞ്ഞ കോണിലേക്ക് മാറി നിന്ന് രഹസ്യ ചര്‍ച്ച നടത്തുന്നത് കാണാമായിരുന്നു. മുഖ്യമന്ത്രി ഗുരുതരമായ പ്രതിസന്ധി നേരിട്ട ദിവസം തന്നെ സിപിഎം നേതാവുമായി ആഭ്യന്തര മന്ത്രി നടത്തിയ ചര്‍ച്ച എന്തായിരുന്നുവെന്ന് അറിയാനും താത്പര്യമുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടത്തുകയാണെന്ന ബിജെപിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് കോടിയേരി-ചെന്നിത്തല ചര്‍ച്ച.
കര്‍ഷകരുടെ രക്ഷയ്ക്കായി കേന്ദ്രം കൊണ്ടുവരുന്ന പദ്ധതികളില്‍ പലതിന്റെയും ഗുണഫലങ്ങള്‍ കൊയ്യാന്‍ കേരളത്തിനാവുന്നില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടും സങ്കുചിത രാഷ്ട്രീയവുമാണ് ഇതിന് കാരണം. ഭക്ഷ്യസുരക്ഷയ്ക്കായി പദ്ധതി ആവിഷ്ക്കരിച്ചാല്‍ ചെലവിന്റെ അമ്പത് ശതമാനം അധികം തുക നല്‍കാമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന് പ്രഖ്യാപിച്ചിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: