പാലക്കാട്: ജനങ്ങള്‍ക്കിടയില്‍ ജാതി, മത, വര്‍ഗ്ഗ വേര്‍തിരിവ് ഉണ്ടാക്കി കേരളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇടതു-വലതു മുന്നണികളെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയ്ക്ക് കൊഴിഞ്ഞാമ്പാറയില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറി മാറി ഭരിച്ച എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തെ എല്ലാവിധത്തിലും തകര്‍ത്തു. പ്രവാസികളുടെ രക്തത്തില്‍ കുതിര്‍ന്ന പണത്തെ ആശ്രയിച്ച് ഭരണം നടത്തുന്ന കേരള സര്‍ക്കാര്‍ നാടിനാപത്താണ്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളാണ് തൊഴിലില്ലാതെ നടക്കുന്നത്. അവര്‍ക്ക് തൊഴിലില്‍ നല്കാന് ഈ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിലെ യുവാക്കള്‍ തൊഴിലിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുകയാണ്.
സ്വന്തം കുടുംബത്തോടൊപ്പം ജീവിക്കേണ്ട സമയത്ത് അന്യദേശത്ത് കിടന്ന് കഷ്ടപ്പെടുകയാണ്. സംസ്ഥാനത്തു തന്നെ തൊഴില്കേന്ദ്രങ്ങളോ മറ്റും സ്ഥാപിച്ച് ജോലി നല്കുവാന് മാറിമാറി ഭരിച്ച ഇരുമുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം നാട്ടില്‍തന്നെ അവരുടെ കഴിവുകള്‍ തെളിയിക്കുവാനുള്ള സ്ഥാപനങ്ങളുണ്ടായാല് കേരളം ഇന്നു വികസനത്തില്‍ ഒന്നാംസ്ഥാനത്തെത്തുമായിരുന്നു. വികസനമുരടിപ്പും അഴിമതിയും കൊടികുത്തി വാഴുന്ന കേരളത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ബിജെപിക്കു മാത്രമെ സാധിക്കു. വിമോചനയാത്രയുടെ ലക്ഷ്യം ഇടതു-വലതു മുന്നണികളില്‍ നിന്നുള്ള കേരള ജനതയുടെ മോചനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനൊരു മോചനം വേണമെന്നും ഏപ്രിലില്‍ വലിയൊരു മാറ്റമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തില്‍ ഒരുപാട് വികസനങ്ങള്‍ കൊണ്ടുവന്നു. ലോകമിന്ന് ഉറ്റുനോക്കുന്നത് ഭാരതത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് എം. ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു.
















