മുടപ്പല്ലൂരിലെ സ്വീകരണ പരിപാടിയില്‍ സ്വാമി ചിന്മയാനന്ദന്റെ
ഗുരുവായ തപോവനം സ്വാമിയുടെ ഛായാചിത്രം സമ്മാനിച്ചപ്പോള്‍
പാലക്കാട്: പതിവ് രാഷ്‌ട്രീയ വേദികളിലില്ലാത്ത ഒരു കാഴ്ചയുണ്ട് വിമോചന യാത്രയുടെ വേദികളില്‍- സ്വീകരിക്കാനെത്തുന്നവര്‍ പ്രായഭേദ വ്യത്യാസമില്ലാതെ യാത്രാനായകന്‍ കുമ്മനം രാജശേഖരന്റെ കാല്‍തൊട്ട് വന്ദിക്കുന്ന കാഴ്ച. മറ്റൊരു രാഷ്‌ട്രീയ നേതാവിനും കേരളം നല്‍കാത്ത ആദരവ്. കക്ഷിരാഷ്‌ട്രീയ പാര്‍ട്ടികളുടെ ഒരു നേതാവിനുമപ്പുറം ധര്‍മസംസ്ഥാപനത്തിന് പിറവിയെടുത്ത ആചാര്യനെപ്പോലെയാണ് കേരളം കുമ്മനത്തെ ഹൃദയത്തിലേറ്റിയതെന്നതിന് ഈ വേദികള്‍ സാക്ഷി.
എവിടെച്ചെന്നാലും പേരെടുത്ത് വിളിച്ച് സൗഹൃദം പുതുക്കാന്‍ സാധിക്കുന്ന ഒരുപറ്റം ആളുകളെങ്കിലുമുണ്ട് കുമ്മനത്തിന്. സ്വാമി ശരണം എന്ന് അഭിവാദ്യം ചെയ്ത് ഒരാള്‍ കുമ്മനത്തിന്റെ കരം കവരുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം-മണ്ഡലകാലത്ത് ശബരിമലയിലെ സേവനം ജീവിതവ്രതമാക്കിയ കര്‍മയോഗിയെ മനസ്സില്‍ പ്രതിഷ്ഠിച്ചവരാണവര്‍. ഹൈന്ദവവിഷയങ്ങളില്‍ തങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ ഗുരുവാണ് ചിലര്‍ക്ക് കുമ്മനം. ഇനിയുമൊരു പരിസ്ഥിതി പ്രശ്‌നത്തിന്റെ ആവലാതികളുമായാകും മറ്റ് ചിലര്‍ അദ്ദേഹത്തിനടുത്തെത്തുക. ആരായാലും ചേര്‍ത്ത് പിടിച്ചൊന്നു സംസാരിക്കാതെ, ചുമലില്‍ തട്ടി അഭിനന്ദിക്കാതെ അദ്ദേഹം വിടാറില്ല.
വേദിയിലേക്കും തിരികെ വാഹനത്തിലേക്കും ആരാധകര്‍ക്കിടയിലൂടെ ഞെങ്ങിഞെരുങ്ങിയല്ലാതെ കുമ്മനത്തെ എത്തിക്കുക സാധ്യമല്ല. കൈയിലൊന്ന് തൊടാന്‍ നൂറ് കണക്കിന് കൈകള്‍ ഉയരുമ്പോള്‍, ഒരു നോട്ടത്തിന് ആയിരക്കണക്കിന് മിഴികള്‍ പിന്തുടരുമ്പോള്‍ ഇടയിലൊരു നിമിഷം എല്ലാ പ്രതിരോധങ്ങളെയും തട്ടിനീക്കി രാജേട്ടാ എന്ന് വിളിച്ച് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഇരച്ചുകയറി നരച്ച താടിയില്‍ തെരുതെരെ ഉമ്മവെക്കുന്ന സ്‌നേഹപ്രകടനത്തെ വാക്കുകളാല്‍ എങ്ങനെ വിശേഷിപ്പിക്കും!
രാഷ്‌ട്രീയ നേതാവിന്റെ ആടയാഭരണങ്ങളില്ലാത്ത, വേദിയിലെ കുമ്മനത്തെയും വിശേഷിപ്പിക്കുക ദുഷ്‌കരമാണ്. നെല്‍വയലുകളും കുന്നുകളും ഇല്ലാതാക്കുന്ന അധികാര കേന്ദ്രങ്ങള്‍ക്കെതിരെ വാക്കു മുഴക്കുമ്പോള്‍ ഭരണകൂടത്തെയും കോര്‍പ്പറേറ്റ് ശക്തികളെയും മുട്ടുകുത്തിച്ച ആറന്മുളയിലെ സമരപോരാളിയെ അനുസ്മരിപ്പിക്കും. മറ്റൊരിടത്ത് കര്‍ഷകന്റെ കണ്ണീര്‍ തുടക്കുന്ന സാധാരണ മനുഷ്യസ്‌നേഹിയാകും അദ്ദേഹം. രാഷ്‌ട്രീയ അസഹിഷ്ണുത കൊലനിലങ്ങള്‍ തീര്‍ക്കുന്ന പകയുടെ ഭൂമിയില്‍ സമാധാനത്തിന്റെ പ്രവാചകനായി അദ്ദേഹം പകര്‍ന്നാടും. വിഷയം ഏതുമാകട്ടെ, സംവദിക്കുന്നുത് ഹൃദയത്തിന്റെ ഭാഷയിലാണ്. കുമ്മനത്തിന്റെ വാക്കുകളില്‍ ഇങ്ങനെ: ഹൃദയത്തിന്റെ ഭാഷയില്‍ നിങ്ങള്‍ സ്വീകരണം നല്‍കുമ്പോള്‍ അതേ ഭാഷയില്‍ത്തന്നെ ഞാന്‍ മറുപടി പറയണം. വാക്കുകള്‍ക്ക് അത് സാധ്യമല്ല. ഹൃദയബന്ധങ്ങള്‍ക്ക് വേണ്ടിയാണ് ഈ യാത്ര.
വേദികളോ ആള്‍ക്കൂട്ടങ്ങളോ വാക്കുകളിലെ സമനില തെറ്റിക്കാറില്ല. എതിരാളികളെ ആക്ഷേപിക്കുന്ന, അപഹസിക്കുന്ന ഒരു വാക്കുപോലും കുമ്മനത്തിന്റെ പ്രസംഗത്തില്‍ കോള്‍ക്കാനാവില്ല. രാഷ്്ട്രീയ എതിരാളികള്‍ വെറുപ്പും വിദ്വേഷവും പ്രസംഗിക്കുമ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്താണ് കുമ്മനം സംസാരിക്കുന്നത്. ഒരു കൊച്ചു കുട്ടിയെപ്പോലെ വേദിയില്‍ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന, ഈ മനുഷ്യന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ നാളത്തെ കേരളത്തിന്റെതാണെന്ന് സമൂഹവും തിരിച്ചറിയുന്നുണ്ട്. കുമ്മനം രാജശേഖരന് പലതും ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് കാണാനെത്തിയതെന്ന് എന്‍ഡോസള്‍ഫാന്‍ സമരനായകന്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും അരിപ്പയില്‍ തങ്ങളോടൊപ്പം അണിചേര്‍ന്ന തന്റേടമുള്ള നേതാവാണ് കുമ്മനമെന്ന് ഭൂസമരനായകന്‍ ശ്രീരാമന്‍ കൊയ്യോനും പറയുന്നത് അതുകൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് നട്ടുച്ച വെയിലത്തും ഹരിത-കുങ്കുമ പതാകയേന്തി പതിനായിരങ്ങള്‍ ആഘോഷിച്ചെത്തുന്നത്.
















