പട്ടാമ്പിയിലെ സ്വീകരണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം സംസാരിക്കുന്നു
തൃശൂര്‍: കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇടതു വലതു മുന്നണികള്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിമോചനയാത്രക്ക് തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടെന്ന പ്രചാരണം തെറ്റാണ്. മാതൃകാപരമായ മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന നാടാണ് കേരളം. ഇവിടെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് എന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണ്. വിമോചനയാത്രക്ക് മതന്യൂനപക്ഷങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് കിട്ടുന്നത്, കുമ്മനം പറഞ്ഞു.
എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരുടേയും അടിസ്ഥാന ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ബിജെപിയുടെ ലക്ഷ്യം. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും ബിജെപി വിഭജിച്ച് കാണുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ ഇതിന് ഉദാഹരണമാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ട് നാലുമണിയോടെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ച വിമോചനയാത്രക്ക് ആവേശ്വോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ജില്ലാതിര്‍ത്തിയായ ചെറുതുരുത്തിയില്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ ഭാരവാഹികളും വന്‍ജനാവലിയും ചേര്‍ന്ന് വിമോചനയാത്രയെ വരവേറ്റു.
തുടര്‍ന്ന് ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍ നിയോജകമണ്ഡലങ്ങളില്‍ വിമോചനയാത്ര പര്യടനം പൂര്‍ത്തിയാക്കി. വൈകീട്ട് തൃശൂര്‍ നഗരത്തില്‍ നടന്ന സമാപന പൊതുസമ്മേളനം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.പ്രമുഖ സാഹിത്യകാരി കെ.ബി. ശ്രീദേവി പങ്കെടുത്തു.
















