വെങ്കിടങ്ങ്: ഉച്ചയൂണ് ഒരുക്കി അവര്‍ കാത്തിരുന്നു, യാത്രാനായകനെ സ്വീകരിക്കാന്‍. ഏഴുവയസുകാരി ലാവണ്യയുടെ കൈപിടിച്ച് കുമ്മനം അകത്തേക്ക് നടന്നപ്പോള്‍, സദ്ഗമയ വികാരഭരിതമായി. തമാശ പറഞ്ഞ് സ്നേഹം പങ്കിട്ട് ഏതാനും മിനിറ്റുകള്‍. ഒടുവില്‍ യാത്ര പറഞ്ഞപ്പോള്‍ നിയന്ത്രിക്കാനാവാതെ അമ്മമാര്‍ പൊട്ടിക്കരഞ്ഞു. ഭാരതമാതാവിന് ജയ് വിളിച്ച് സമരനായകനെ അവര്‍ യാത്രയാക്കി.
ഇന്നലെ ഉച്ചയോടെയായിരുന്നു ‘മറക്കാനാവാത്ത ജീവിതാനുഭവമെന്ന്’ കുമ്മനം ഹൃദയംകൊണ്ട് പറഞ്ഞ ആ സന്ദര്‍ശനം. അട്ടപ്പാടി ഊരുകളില്നിന്നുമുള്ള പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന വെങ്കിടങ്ങ് സദ്ഗമയ ബാലികാഭവനത്തിലാണ് വിമോചനയാത്രക്കിടെ കുമ്മനം എത്തിയത്. രണ്ടാംക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന 23 പെണ്‍കുട്ടികളാണ് ബാലികാദനത്തില് ഉള്ളത്. സദ്ഗമയയുടെ അമ്മ സുശീല കുമ്മനത്തെ ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ക്കൊപ്പം ഉച്ചഭക്ഷണം. ഓരോരുത്തരുടേയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് ബാലികാസദനത്തിലെ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ വിശദീകരിച്ചു. 50 കുട്ടികളെ സംരക്ഷിക്കുന്നതിന് സാഹചര്യം ഒരുക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍.
സദ്ഗമയക്ക് മുന്നില്‍ മാവ് നട്ടശേഷം വെള്ളം ഒഴിച്ച് വളര്‍ത്തണമെന്ന് കുട്ടികളോട് കുമ്മനത്തിന്റെ ഉപദേശം. പിരിയാന്‍ നേരം ഗ്രൂപ്പ് ഫോട്ടോ. കുമ്മനം പറഞ്ഞ തമാശകളില്‍ നിന്ന് പൊട്ടിച്ചിരി ഉതിര്‍ന്നപ്പോള്‍ ഓര്‍മ്മയിലേക്ക് ഒരു ക്ലിക്ക്. യാത്രാതിരക്ക് ഓര്‍മപ്പെടുത്തി ഉപഹാരം നല്കി മടങ്ങുമ്പോള്‍ ഭാരത്മാതാ ജയ് വിളികളാല്‍ സദ്ഗമയ മുഖരിതമായി. പ്രസിഡന്റ് രാധാകൃഷ്ണന്, സെക്രട്ടറി പി.ആര്. നാരായണന്, അംഗങ്ങളായ ശശിധരന്, സുന്ദരന്‍, രത്നാകരന്, ശിവദാസന്‍, ഷാജന്, ഷീല പരമേശ്വരന് എന്നിവര്‍ കുമ്മനത്തെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: