കൊച്ചി: കേരളത്തിന്റെ വികസനക്കുതിപ്പിന് ആഹ്വാനവുമായി വിമോചനരഥ പ്രയാണം വ്യവസായിക തലസ്ഥാനത്ത്. കൊട്ടിഘോഷിച്ച കേരളവികസനമാതൃകയുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നതായിരുന്നു യാത്രയിലെ അനുഭവങ്ങള്‍. മെട്രോനഗരത്തിലേക്ക് കുതിക്കുന്ന കൊച്ചിയുടെ വികസനസ്വപ്നങ്ങളെ ഇല്ലാതാക്കുന്നതിന്റെ ആശങ്കകള്‍ നിവേദനങ്ങളായി യാത്രാനായകന് കുമ്മനത്തിന് മുന്നിലെത്തി. ലോകത്തിന് ഭഗവത്ഗീതയുടെ വെളിച്ചം നല്കിയ ചിന്മയാനന്ദന്റെ മണ്ണിലൂടെ മൂവാറ്റുപുഴയാറിന്റെ ദുഃഖം ഏറ്റുവാങ്ങി വിമോചനയാത്ര മൂവാറ്റുപുഴയില്‍ സമാപിച്ചു.
കൊച്ചി നഗരഹൃദയത്തിലെ ഹൃദ്യമായ സ്വീകരണത്തിനുശേഷം യാത്ര ഏലൂര്‍ പാതാളത്ത് എത്തി. തൊഴില്‍ ഇല്ലാതാക്കിയ ദുര്‍ഭരണത്തിന്റെ ആകുലതകളുമായാണ് ഏലൂര്‍- എടയാര്‍ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം ഏറ്റെടുത്തുകൊണ്ട് സമരനായകനെ സ്വീകരിക്കാനെത്തിയത്. നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയാണ് ബിനാനി സിങ്ക് ഏതാനും മാസം മുമ്പ് അടച്ചുപൂട്ടിയത്. വ്യവസായസ്ഥാപനങ്ങളുടെ പ്രതിസന്ധികളെക്കുറിച്ച് തൊഴിലാളികള്‍ കുമ്മനത്തോട് വിശദീകരിച്ചു. യുപിഎ സര്‍ക്കാരിന്റെയും ഇടതു-വലതു മുന്നണികളുടെയും വികസനവിരുദ്ധനയങ്ങളാണ് വ്യവസായ സ്ഥാപനങ്ങളുടെ പ്രതിസന്ധിക്ക് കാരണമെന്ന് കുമ്മനം പറഞ്ഞു.
വ്യവസായ സ്ഥാപനങ്ങളെ കരകയറ്റാനുള്ള നടപടികളാണ് മോദിസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അടച്ചുപൂട്ടേണ്ടിയിരുന്ന ഫാക്ടിന് 1000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടത്തിലായ പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ മൂന്നില്‍ ഒന്നായി കുറഞ്ഞു. ഇതിന് മാറ്റം വരണമെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
പ്ലൈവുഡ് കമ്പനികളുടെ ആസ്ഥാനമായ പെരുമ്പാവൂരിലെ തൊഴിലാളികള്‍ക്കും ദുരിതത്തിന്റെ കഥയാണ് പങ്കുവെക്കാനുണ്ടായിരുന്നത്. തടിയുടെ വരവുകുറഞ്ഞതോടെ വ്യവസായം പകുതിയായി കുറഞ്ഞു. തൊഴില്‍ ഇല്ലാതായി, നാടിന്റെ അഭിമാനമായിരുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് 17 വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്നു. ഇരുമുന്നണികള്‍ക്കും വോട്ട് തട്ടാനുള്ള ഉപാധിയായി ട്രാവന്‍കൂര്‍ റയോണ്‍സ് മാറി. എല്ലാ തെരഞ്ഞെടുപ്പുകളിലും കമ്പനി തുറക്കുമെന്ന് വാഗ്ദാനം നല്കി ഭരണത്തിലെത്തുന്നവര്‍ പിന്നീട് തിരിഞ്ഞുനോക്കാറില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കുമെന്ന് കുമ്മനം പറഞ്ഞു. എന്നാല്‍ നിഷേധാത്മക രാഷ്ട്രീയം പുലര്‍ത്തുന്ന മുന്നണികള്‍ ഇതിന് തയ്യാറല്ല.
സ്വതന്ത്ര ഭാരതത്തില്‍ കോളോണിയല്‍ ഭരണത്തെ അനുസ്മരിപ്പിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ സഹനസമരം നടത്തിയവരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കും നടുവിലാണ് വിമോചനയാത്രയ്ക്ക് ആലുവ സ്വീകരണം നല്‍കിയത്. ഭരണകൂടത്തിന്റെ പീഡനത്തിന് ഇരയായവരെ കുമ്മനം ആദരിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, ശോഭാസുരേന്ദ്രന്, വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്, കെ.പി.ശ്രീശന്, ജോര്‍ജ്ജ് കുരിയന്‍, സെക്രട്ടറിമാരായ വി.കെ.സജീവന്, വി.വി.രാജേഷ്, എ.കെ.നസീര്‍, സംസ്ഥാന സമിതിയംഗം അഡ്വ.പി.ജെ.തോമസ്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. ഇന്ന് ഇടുക്കിജില്ലയില്‍ പ്രവേശിക്കുന്നയാത്ര കട്ടപ്പനയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: