കട്ടപ്പന: ഉമ്മന്‍ചാണ്ടി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അടിമുടി ജീര്‍ണ്ണിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
കേരളത്തിന്റെ അന്തസ്സ് നിലനിര്‍ത്താന്‍ എത്രയുംവേഗം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാകണം. കേരള ഭരണത്തിലെ അഴിമതിയും അവിഹിത ബന്ധങ്ങളും മലയാളികളുടെ മാനം കെടുത്തിയിരിക്കുകയാണ്. ആരോപണ വിധേയരല്ലാത്ത മന്ത്രിമാരില്ല. അഴിമതിയുടെ പേരില്‍ രാജിവച്ച മന്ത്രിമാരെ തിരിച്ചെത്തിക്കാനുള്ള ഉപായങ്ങളാണ് മുഖ്യമന്ത്രി തേടുന്നതെന്നും കുമ്മനം ആരോപിച്ചു.
കെട്ടുനാറിയ ഭരണത്തിനെതിരെ ശക്തമായി പ്രതിരോധിക്കാന്‍ പോലും ശക്തിയില്ലാതെ പ്രതിപക്ഷം ക്ഷയിച്ചിരിക്കുന്നു. ലാവ്ലിന് അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന സിപിഎം നേതാവ് തന്നെ നവകേരള യാത്ര നടത്തുന്നത് പരിഹാസ്യമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ഉദാരമായ സമീപനം സ്വീകരിക്കുമ്പോള്‍ അതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ പോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് റബര്‍ വിലയിടിവിന് കാരണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദനം നടക്കുന്ന കേരളത്തില്‍ നിന്ന് എട്ടുമന്ത്രിമാരുണ്ടായിട്ടും റബര്‍ കര്‍ഷകരുടെ രക്ഷക്കെത്തിയില്ല. എന്നാലിന്ന് റബ്ബറിന് 200 രൂപ കിലോഗ്രാമിന് വില ലഭിക്കുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുകയാണ്. റബര്‍ താങ്ങുവിലയ്ക്ക് 500 കോടി രൂപ അനുവദിക്കാന്‍ പോവുകയാണ്.
ശബരിമല വികസനത്തിന് 100 കോടി രൂപ അനുവദിച്ചതിനു പുറമെ വിനോദ സഞ്ചാര വികസനത്തിന് മുന്നൂറുകോടി രൂപയും നല്കാന് പോകുന്നു. കേന്ദ്ര സര്‍ക്കാരിനെ താറടിക്കാന്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിലയുറപ്പിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം. എല്ലാവര്ക്കും തുല്യനീതി അതാണ് ബിജെപി സര്‍ക്കാരിന്റെ മുഖമുദ്ര. കേന്ദ്ര അവഗണനയായിരുന്നു കോണ്‍ഗ്രസ് ഭരണകാലത്തെല്ലാം കേരളത്തിന്റെ മുദ്രാവാക്യം. നരേന്ദ്രമോദി ഭരണത്തില്‍ അതുണ്ടാകില്ലെന്നും കുമ്മനം പറഞ്ഞു. വിമോചന യാത്രയില്‍ വിവിധ മണ്ഡലങ്ങളിലെ സ്വീകരണങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു കുമ്മനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: