അടിമാലി: ഇടമലക്കുടിയിലെ ഏക അധ്യാപിക വിദ്യാലയത്തില്‍ 18 വര്‍ഷക്കാലമായി കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ജീവിതത്തിന്റെ വസന്തകാലം ചെലവിട്ട വിജയലക്ഷ്മി ടീച്ചറെ ബിജെപി ആദരിച്ചു. അടിമാലിയിലെ വിമോചന യാത്രയുടെ വേദിയില്‍ ജനനായകന് കുമ്മനം രാജശേഖരകനാണ് ഷീല്‍ഡ് നല്കി ടീച്ചറെ ആദരിച്ചത്.
1997 ഒക്ടോബര്‍ 4നാണ് ടീച്ചര്‍ ആദ്യമായി മാങ്കുളത്ത് നിന്നും വന്യമൃഗങ്ങള്‍ മേയുന്ന കൊടും കാട്ടിലൂടെ 4 മണിക്കൂര്‍ നടന്ന് ഇടമലക്കുടി ഗ്രാമത്തിലേക്ക് നടന്നുകയറിയത്. ത്യാഗനിര്‍ഭരമായ ഒരു ദൗത്യം മനസിലാവാഹിച്ച ടീച്ചര്‍ ആയിരത്തോളം കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നല്കി. വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായിരുന്ന പിതാവിന്റെ നിര്‍ദ്ദേശാനുസരണമാണ് വിജലക്ഷ്മി എന്ന വീട്ടമ്മ തന്റെ ഒന്നരവയസുണ്ടായിരുന്ന മകനേയും കൂട്ടി മലകയറിയത്. അടിമാലിക്ക് സമീപം കത്തിപ്പാറയിലെ പത്ത് സെന്റ് ഭൂമിയിലുള്ള സുരക്ഷിതമില്ലാത്ത വീട്ടിലാണ് ടീച്ചറും ഭര്‍ത്താവും രണ്ട് മക്കളും ഇപ്പോള്‍ കഴിയുന്നത്.
മൂത്തമകന് സി.എ കോഴ്സിന് ചേര്‍ന്നെങ്കിലും സാമ്പത്തിക പരാധീനത മൂലം പഠനം ഉപേക്ഷിച്ചു. ഇപ്പോള്‍ ചെമ്മീന്‍ കമ്പനിയില്‍ ജോലിക്ക് പോകുകയാണ്. ഇളയ മകന് പ്ലസ് ടുവിന് പഠിക്കുന്നു. ഭര്‍ത്താവിന് കൂലിപ്പണിയാണ്. അതും കൃത്യമായി ഇല്ല. ജീവന് പണയപ്പെടുത്തി വിജയലക്ഷ്മി ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജീവിതം തുടരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ല.
















