മൂവാറ്റുപുഴ: പതിനഞ്ച് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്‌ക്ക് ശേഷം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ പിടിച്ച് കുമ്മനം പറഞ്ഞു ‘ദേവദര്‍ശനമാണിത്’. തനിക്ക് ലഭിച്ച അപൂര്‍വ ബഹുമതിയാണ് സമര നായകന്റെ സന്ദര്‍ശനമെന്ന് ജോസഫും പ്രതികരിച്ചു. ഇന്നലെ രാവിലെ വിമോചന യാത്ര ആരംഭിക്കുന്നതിന് മുമ്പ് മത ഭീകരതയുടെ ജീവിക്കുന്ന ബലിദാനി പ്രഫ.ടി.ജെ ജോസഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലേക്ക് കുമ്മനം രാജശേഖരന്‍ എത്തുകയായിരുന്നു. ജോസഫും മകനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് കുമ്മനം വീട്ടുകാര്യങ്ങളും മറ്റും ചോദിച്ചറിഞ്ഞു.
ഇരകളാക്കപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും യാത്രയ്‌ക്കിടെ നേരില്‍ കണ്ട് പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായാണ് ജോസഫിനെ സന്ദര്‍ശിച്ചതെന്ന് കുമ്മനം പിന്നീട് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. വേട്ടക്കാര്‍ ഭരണം നിയന്ത്രിക്കുകയും ഇരകള്‍ക്ക് നീതി നിഷേധിക്കുപ്പെടുകയും ചെയ്യുകയാണ് നമ്മുടെനാട്ടില്‍. ഇച്ഛാശക്തിയാണ് ജോസഫിനെ ഇന്നും ജീവിപ്പിക്കുന്നത്. മനുഷ്യസ്‌നേഹികള്‍ എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് കുമ്മനം ആശംസിച്ചു.
കുമ്മനത്തെപോലെ വലിയൊരു നേതാവ് തന്നെ സന്ദര്‍ശിക്കാന്‍ എത്തിയത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് ജോസഫ് പറഞ്ഞു. തന്നോടും കുടുംബത്തോടുമുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം എത്തിയതെന്ന് വിശ്വസിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കുമ്മനം രാജശേഖരന്‍ നടത്തുന്ന വിമോചനയാത്രയ്‌ക്ക് വിജയാശംസകള്‍ നേരുന്നുവെന്നും ജോസഫ് പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.എന്‍ മധു, മണ്ഡലം പ്രസിഡന്റ് കെ.കെ ദിലീപ് കുമാര്‍, കൗണ്‍സിലര്‍ അഡ്വ.പ്രേംചന്ദ് എന്നിവരും കുമ്മനത്തെ അനുഗമിച്ചു.
















