ഇടുക്കി: രാഷ്ട്രീയ വഞ്ചനക്കെതിരെ തൊഴിലാളികള്‍ സമരാഗ്നി പടര്‍ത്തിയ ഹൈറേഞ്ചിലൂടെ വീരേതിഹാസം രചിച്ച് വിമോചന യാത്ര ഇടുക്കിയില്‍. തൊഴില്‍ തന്നെ സമരായുധമാക്കിയവര്ക്കും അതിജീവനം ചോദ്യം ചെയ്യപ്പെടുന്ന വനവാസി ജനതയ്ക്കും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ നല്കിയ പര്യടനം പുതുചരിത്രമെഴുതി ഇന്നലത്തെ യാത്ര കട്ടപ്പനയില്‍ സമാപിച്ചു.
തൊഴിലാളികളുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വേദനകള്ക്കൊപ്പമായിരുന്നു ഇന്നലെ യാത്ര. തലചായ്ക്കാനൊരിടത്തിനായി വര്‍ഷങ്ങളായി വനവാസി സമൂഹം സമരരംഗത്തുള്ള നേര്യമംഗലം ഉള്‍പ്പെടുന്ന കോതമംഗലത്തായിരുന്നു ആദ്യ സ്വീകരണം. ഊരുമൂപ്പന്മാരും ഭൂസമരനായകരും സമരനായകന് കുമ്മനത്തെ സ്വീകരിക്കാനെത്തി. പന്തപ്ര വനവാസി സമൂഹത്തിന് വേണ്ടി കാണി തങ്കപ്പന് കാമാക്ഷിയും പൂയംകുട്ടി വനവാസി സമൂഹത്തിനായി മെന്റാഡിയും കുമ്മനത്തെ സ്വീകരിച്ചു. ഭൂസമരത്തിന് നേതൃത്വം നല്കുന്ന സോമന്, ബാബു എന്നിവര്‍ യാത്രാനായകനെ ഷാള്‍ അണിയിച്ചു. തങ്ങള്‍ അനുഭവിക്കുന്ന അവഗണനയുടെ കഥകള്‍ അവര്‍ യാത്രാനായകനോട് വിവരിച്ചു.
സര്‍ക്കാര്‍ വിചാരിച്ചാല്‍ എത്രയും പെട്ടെന്ന് തങ്ങളുടെ ആവശ്യം നിറവേറ്റാന്‍ സാധിക്കും. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഭൂമിയില്ലാത്തവരെ വഞ്ചിക്കുകയാണ് അധികാരികള്‍. വനവാസി ഊരുകളുടെ വികസനത്തിനായി ഒരു രൂപ പോലും ചെലവഴിക്കാത്ത സര്‍ക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിച്ചുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഇത്തരം സമരങ്ങള്‍. ആയിരക്കണക്കിന് ഏക്കറുകള്‍ വന്‍കിട കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശം കവരുകയാണ്. സമരക്കാര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
വിമോചന യാത്ര ഉയര്‍ത്തുന്ന നവമുദ്രാവാക്യത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതായിരുന്നു സമരനേതാക്കളുടെ വാക്കുകള്‍.
കോതമംഗലത്തെ സ്വീകരണത്തിന് ശേഷം എറണാകുളം ജില്ലയോട് വിടപറഞ്ഞ യാത്രയെ ഇടുക്കിയില്‍ ആദ്യം വരവേറ്റത് തേയിലത്തോട്ടങ്ങളില്‍ സമരത്തീ കൊളുത്തിയ മൂന്നാര്‍ ഉള്‍പ്പെടുന്ന അടിമാലിയായിരുന്നു. സര്‍ക്കാരിന്റെ തൊഴിലാളി വഞ്ചനയുടെ കഥകളായിരുന്നു അവിടെയും യാത്രാനായകനെ കാത്തിരുന്നത്. രാഷ്ട്രീയ തട്ടിപ്പിന് ഏതറ്റം വരെയും പോകുന്നവരാണ് കേരളം ഭരിക്കുന്നതെന്ന് അവരുടെ വാക്കുകള്‍ വ്യക്തമാക്കി. 500 രൂപ കൂലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് തൊഴിലാളി സമരം സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാക്കുമാറ്റി. വോട്ട് രാഷ്ട്രീയം മാത്രമാണ് തങ്ങളുടെ പരിഗണനയെന്ന് തുറന്ന് സമ്മതിച്ച അധികാരികള്‍ക്കെതിരെ വീണ്ടും സമരമുഖം തുറക്കാനിരിക്കുകയാണ് തൊഴിലാളികള്‍.
നെടുങ്കണ്ടത്ത് ദുരിതങ്ങളുമായി കുമ്മനത്തെ സമീപിച്ചത് ഏലം കര്‍ഷകരായിരുന്നു. ഏലത്തിന് സ്വതന്ത്ര വിപണിയില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് നിവേദനത്തില്‍ അവര്‍ വിവരിച്ചു. ഇപ്പോള്‍ സ്പൈസസ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമാണ് വിപണനം. ഇതിന് മാറ്റം വന്നാല്‍ ഏലത്തിന് ഇരട്ടി വിലയോളം ലഭിക്കും. ഏലത്തിന്റെ ഇറക്കുമതി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
റബ്ബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന്റെ ആവേശവുമായാണ് മലയോരജനത യാത്രയെ വരവേല്‍ക്കാനെത്തിയത്. കാര്‍ഷിക വിളയായ റബ്ബറിനെ വാണിജ്യ ഉത്പന്നമാക്കി ഇറക്കുമതി പ്രോത്സാഹിപ്പിച്ച യുപിഎ സര്‍ക്കാരുടെ നയമാണ് കര്‍ഷകരെ കണ്ണീരിലാഴ്ത്തിയതെന്ന് കുമ്മനം പറഞ്ഞു. വിഷയം നിരന്തരം ബിജെപി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അനുകൂല നടപടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഇപ്പോള്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസര്്ക്കാരില് നിന്നും ഇനിയും അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന കുമ്മനത്തിന്റെ പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്, കെ.പി. ശ്രീശന് മാസ്റ്റര്‍, ജോര്‍ജ് കുര്യന്, ഡോ.പി.പി. വാവ, സംസ്ഥാന സെക്രട്ടറിമാരായ വി.കെ.സജീവന്, വി.വി. രാജേഷ്, എ.കെ. നസീര്‍, ട്രഷറര്‍ പ്രതാപചന്ദ്ര വര്‍മ, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ്, സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ച അദ്ധ്യക്ഷന്‍ ജിജി ജോസഫ്, ജില്ലാ അദ്ധ്യക്ഷന്‍ ബിനു കൈമള്‍, എസ്സി, എസ്ടി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്അഡ്വ.പി. സുധീര്‍ എന്നിവര്‍ വിവിധ സ്വീകരണങ്ങളില്‍ സംസാരിച്ചു. ഇന്ന് പീരുമേട്, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ യാത്ര പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: