പത്തനംതിട്ട: പശ്ചിമ ബംഗാളില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ ഏര്‍പ്പെടാന്‍ തത്വത്തില്‍ അംഗീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ഇതേ നിലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് രണ്ട് മുന്നണികളും പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ലഭിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയും കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുമായാണ് മുന്നണി രാഷ്ട്രീയം ഉരുത്തിരിഞ്ഞത്. തെങ്ങിന്റെ കുലയും മനുഷ്യന്റെ തലയും സംരക്ഷിക്കാന്‍ ഐക്യ മുന്നണി രൂപീകരിച്ച കോണ്‍ഗ്രസ് സിപിഎമ്മിന്റെ കൂടാരത്തില്‍ അഭയം തേടുകയാണ്. കോണ്‍ഗ്രസിന് എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടാകുന്നോ അന്നൊക്കെ സിപിഎം കോണ്‍ഗ്രസിനെ സഹായിക്കാന്‍ സന്നദ്ധരായിട്ടുണ്ട്.
ജനങ്ങള്‍ തിരസ്ക്കരിച്ച കോണ്‍ഗ്രസിനെ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചത് സിപിഎമ്മിന്റെ പ്രയത്നം മൂലമാണ്. സിപിഎം മുന്‍കൈയെടുത്ത് രൂപീകരിച്ച യുപിഎയുടെ നേതൃത്വമാണ് ഇപ്പോഴും കോണ്‍ഗ്രസിനുള്ളതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിനകത്തും പുറത്തും ബിജെപിക്കെതിരെ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരേ നിലപാടാണ്. ബിജെപിയെ എതിര്‍ക്കാന്‍ കൈകോര്‍ത്തു നീങ്ങുന്ന കാഴ്ച്ചയാണ് എങ്ങും. കേരളത്തില്‍ ഇരു മുന്നണികളായി നില്‍ക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധതയുടെ പേരില്‍ ജയിച്ചു കയറുന്ന രോണ്ഗ്രസുകാരനും കോണ്‍ഗ്രസ് വിരോധം പറഞ്ഞ് വോട്ട് നേടുന്ന കമ്മ്യൂണിസ്റ്റുകാരനും ദല്‍ഹിയിലെത്തിയാല്‍ നമ്മൊളൊന്ന് എന്ന നിലപാടിലാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനം എട്ടുകാലി മമ്മൂഞ്ഞിയുടെ അവകാശവാദത്തിന് തുല്യമാണ്. കേന്ദ്ര പദ്ധതികള്‍ വിജയകരമായി നടക്കുമ്പോള്‍ അതൊക്കെ ഉമ്മന്‍ചാണ്ടിയുടെ നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുത്തി. വിഴിഞ്ഞം പദ്ധതി തന്നെ അതിന് ഒന്നാന്തരം ഉദാഹരണമാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ദുരിത ബാധിതര്‍ക്കായി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും കുടിവെള്ള കുപ്പികളും ഭക്ഷ്യസാധനങ്ങളും എത്തിച്ചിരുന്നു. അതില്‍ ജയലളിതയുടെ ചിത്രമുള്ള സ്റ്റിക്കറൊട്ടിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ വിതരണം നടത്തിയിരുന്നു. കേന്ദ്രപദ്ധതികള്‍ കേരളത്തിന്റെ നേട്ടമായി അവതരിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ കൗശലവും അതുതന്നെയെന്ന് കുമ്മനം പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: