കോന്നി: മൂന്നരപ്പതിറ്റാണ്ട് കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അനില്‍ സി ബൊക്കാറോ വിമോചന നായകന്റെ കൈ പിടിക്കാനെത്തിയത്- മാഫിയാ പാര്‍ട്ടിയല്ല, മാഫിയകള്‍ക്കെതിരെ പടനയിക്കുന്ന പടനായകനാണ് തന്റെ നേതാവെന്ന് പ്രഖ്യാപിച്ച്.
1982 മുതല്‍ സജീവ സിപിഎം പ്രവര്ത്തകന്. മൂന്ന് തവണ കുന്നട ലോക്കല്‍ കമ്മറ്റി സെക്രട്ടറി. 97 മുതല്‍ വ്യാപാരി സമിതി സംസ്ഥാന സമിതി അംഗം. സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഒരു കാലത്ത് സിപിഎമ്മിന്റെ മുഖമായിരുന്നു അനില്‍. കേഡര്‍ പാര്‍ട്ടിയായ സിപിഎം പണം വാങ്ങി മാഫിയകള്‍ക്ക് അംഗത്വം നല്‍കിയതിനെ ചോദ്യം ചെയ്തതോടെ നേതൃത്വത്തിന്റെ കണ്ണിലെ കരടായി. പട്ടിയെ വെട്ടിക്കൊന്ന് വീടിന് മുന്നിലിട്ട് ഇതുപോലെ ചെയ്ത് കളയുമെന്ന് മുന്നറിയിപ്പ്. നിരന്തര ഭീഷണികള്‍. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ സിപിഎമ്മിനെ എന്നേക്കുമായി ഉപേക്ഷിച്ച് അനില്‍ സംഘസ്ഥാനിലെത്തി.
”പാര്‍ട്ടി യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പരസ്പരം വെറുപ്പും വിദ്വേഷവുമൊക്കെയാണ് തോന്നുക. എന്നാല്‍ ഒരു മണിക്കൂര്‍ ശാഖ കഴിയുമ്പോള്‍ മനസ്സിനും ശരീരത്തിനും എന്തെന്നില്ലാത്ത സന്തോഷമാണ് ലഭിക്കുന്നത്”. അനില്‍ അനുഭവം വിവരിക്കുന്നു. ”കുമ്മനം നേതൃത്വം നല്കിയ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഭാഗമായി അനില്‍ പങ്കെടുത്തിട്ടുണ്ട്. കുമ്മനത്തെക്കുറിച്ച് ബേബിയും ഐസക്കും പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. കുമ്മനത്തെ വിളിക്കൂ, കുമ്മനത്തോട് പറയൂ എന്നൊക്കെ ഫോണിലൂടെ നിര്‍ദ്ദേശം നല്‍കുന്നത് കേട്ടിട്ടുണ്ട്. കുമ്മനത്തെപ്പോലുള്ള നേതാക്കളാണ് ഭാവി കേരളത്തിനാവശ്യം”.
”സിപിഎമ്മിന്റെ ആശയത്തോട് വെറുപ്പില്ല. ഒരു നല്ല സ്വയംസേവകനാണ് ആ പാര്‍ട്ടിയെ നയിക്കുന്നതെങ്കില്‍ എന്നാശിക്കുന്നു. അല്ലെങ്കില്‍ എല്ലാ സിപിഎമ്മുകാരും ആര്‍എസ്എസ് ആവട്ടെ. മലയാളി ആര്‍എസ്എസ്സിനെ അറിയാന്‍ ശ്രമിച്ചില്ല. കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിച്ച നുണകള്‍ സത്യമല്ലെന്നറിയുമ്പോള് എന്നെപ്പോലെ മറ്റുള്ളവര്‍ക്കും ദു:ഖം തോന്നാം. രാജ്യത്ത് വര്‍ഗീയതയും ജാതീയതയും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നത് സിപിഎമ്മാണ്. അവരുടെ ദളിത് സ്നേഹം കാപട്യമാണ്. ജാതി വിവേചനം ഏറ്റവുമധികം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സമഭാവന കാണാന്‍ എനിക്ക് സാധിച്ചത് സംഘസ്ഥാനില്‍ മാത്രമാണ്”. അനില്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: