തിരുവനന്തപുരം: വിമോചന യാത്രക്കിടെ പൊതുജനങ്ങള്‍ നല്കിയ പരാതികളും നിവേദനങ്ങളും പരിഹരിക്കുന്നതിന് ബിജെപി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വികസന കാഴ്ചപ്പാടുകളും പ്രാദേശിക പ്രശ്നങ്ങളും അറിയിക്കുന്നതിന് യാത്രയില്‍ ജനഹിതമെന്ന പ്രത്യേക വാഹനം തന്നെ സജ്ജമാക്കിയിരുന്നു. പതിനായിരക്കണക്കിന് പരാതികളാണ് ഇതിലൂടെ ലഭിച്ചത്. ഇതിന് പുറമെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനങ്ങളും യാത്രാനായകന് കുമ്മനത്തിന് സ്വീകരണ വേദികളില്‍ നിന്നും നേരിട്ട് ലഭിച്ചു.
25 അംഗ സമിതിയെയാണ് പരാതികളില്‍ തുടര്‍നടപടികളെടുക്കാന്‍ ചുമതലപ്പെടുത്തിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ നടപടി സ്വീകരിക്കേണ്ട പരാതികള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. തുടര്‍നടപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും. സാമ്പത്തിക സഹായമുള്‍പ്പെടെയുള്ളവ പാര്‍ട്ടിയുടെ ജീവകാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹരിക്കും.
ജനഹിതത്തിലൂടെ ജനങ്ങള്‍ നല്കിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തെരഞ്ഞെടുപ്പിന് മുന്‍പായുള്ള പ്രകടന പത്രികയിലും കര്‍മ്മപദ്ധതിയിലും ഉള്‍പ്പെടുത്തും. നാടിന്റെ വികസന അജണ്ട നിശ്ചയിക്കേണ്ടത് സാധാരണക്കാരും കൂടിയാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: