പി.എം.വേലായുധന് (സംസ്ഥാന വൈസ് പ്രസിഡന്റ്)
നാലോളം രാഷ്ട്രീയ യാത്രകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അതിലൊന്നും ലഭിക്കാത്ത അനുഭവമാണ് വിമോചന യാത്രയിലൂടെ ലഭിച്ചത്. ഇത്രയേറെ ജനപങ്കാളിത്തമുള്ള യാത്ര ആദ്യമായിട്ടാണ്. സ്ത്രീകളുടെ പങ്കാളിത്തവും എടുത്തുപറയേണ്ടതാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ ഒന്നടങ്കം യാത്രയെ അനുഗ്രഹിക്കാനെത്തി. മണിക്കൂറുകളോളം വൈകിയിട്ടും യാത്രയെ സ്വീകരിക്കാതെ പോകാന്‍ അവരെ മനസനുവദിച്ചില്ല. ഇത് പാര്‍ട്ടിക്കും കുമ്മനം രാജശേഖരനെന്ന സമരനായകനുമുള്ള അംഗീകാരമാണ്. സര്‍വ്വവും സമാജത്തിനായി സമര്‍പ്പിച്ച പൊതുപ്രവര്‍ത്തകനാണ് കുമ്മനമെന്ന് സമൂഹത്തിനറിയാം. അതുകൊണ്ടാണ് പതിനായിരങ്ങള്‍ യാത്രയെ സ്വീകരിക്കാന്‍ ഒഴുകിയെത്തിയത്. പരസ്യവാചകം പോലെ ‘നോ കറ, നോ പാട്’ അതാണ് കുമ്മനം. വനവാസി വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളുമുള്പ്പെടെ യാത്രയെ വരവേല്‍ക്കാന്‍ ആവേശത്തോടെയെത്തിയത് ജീവല്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തിയ യാത്രയായതിനാലാണ്.
കെ.പി.ശ്രീശന്‍മാസ്റ്റര്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്)
അധികാരം പിടിച്ചെടുക്കാനാണ് മറ്റുള്ളവര്‍ യാത്ര നടത്തുന്നത്. എന്നാല്‍ കുമ്മനത്തിന്റെ യാത്ര എടുക്കാനല്ല, ജനങ്ങള്‍ക്ക് കൊടുക്കാനുള്ളതായിരുന്നു. പതിറ്റാണ്ടുകളോളം മുന്നണികള്‍ ഭരിച്ചിട്ടും ഇവിടുത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. യാത്രയിലുടനീളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ യഥാര്‍ത്ഥ ജനകീയ ബദല്‍ എന്തെന്ന് ബിജെപി വ്യക്തമാക്കി. കുടുംബസമേതമാണ് പ്രവര്‍ത്തകര്‍ യാത്രയെ വരേവല്ക്കാനെത്തിയത്. ന്യൂനപക്ഷങ്ങളെ ഇളക്കി വിടാന്‍ ശ്രമിച്ച രാഷ്ട്രീയ എതിരാളികള്‍ക്കുള്ള തിരിച്ചടിയാണ് മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കുമ്മനത്തിന് ലഭിച്ച സ്വീകരണം. മതമേലധ്യക്ഷന്മാരുള്‍പ്പെടെ കുമ്മനത്തെ അഭിനന്ദിക്കാനെത്തി. ജനങ്ങള്ക്കതീതനാണ് നേതാവെന്ന പൊതുധാരണകളെ തിരുത്തി ജനങ്ങളോടൊപ്പമാണ് നേതാവെന്ന് കുമ്മനം പ്രവൃത്തിയിലൂടെ കേരളത്തിന് കാണിച്ചുതരുന്നു. ജനങ്ങളുടെ മനസ്സില്‍ ഈ യാത്ര മായാതെ അവശേഷിക്കുമെന്നതില്‍ സംശയമില്ല.
എ.എന്‍.രാധാകൃഷ്ണന് (സംസ്ഥാന ജനറല്‍ സെക്രട്ടറി)
കുമ്മനം രാജശേഖരനെന്ന നേതാവിനെ ജനങ്ങള്‍ എത്രത്തോളം സ്നേഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് യാത്രയിലെ ജനപങ്കാളിത്തം. ആ പ്രതീക്ഷ നിറവേറ്റാന്‍ കുമ്മനത്തിന് സാധിക്കുമെന്ന് അനുഭവങ്ങളിലൂടെ എനിക്ക് ഉറപ്പിച്ച് പറയാനാകും. മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രമാണ് യാത്രാദിവസങ്ങളില്‍ അദ്ദേഹം ഉറങ്ങിയത്. സാധാരണക്കാര്‍ അദ്ദേഹത്തിന് നല്കിയ നിവേദനങ്ങള്‍ രാത്രി എത്ര വൈകിയാലും പരിശോധിച്ച് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സമയം ചെലവഴിച്ചു. ദൈവതുല്യനായ ആചാര്യനെപ്പോലെയാണ് ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. കമ്യൂണിസ്റ്റ് സ്വാധീന മേഖലകളിലും ഇതിന് മാറ്റമുണ്ടായില്ല. സാധാരണക്കാരും തൊഴിലാളികളുമാണ് യാത്രയെ വരവേറ്റവരില്‍ ഭൂരിഭാഗവും. പലയിടങ്ങളിലും ബലിദാനികളുടെ കുടുംബാംഗങ്ങള്‍ രാജേട്ടനെ കാണാനെത്തിയിരുന്നു. തങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്റെ വികാരാവേശത്തോടെയാണ് അവര്‍ യാത്രാനായകനെ കെട്ടിപ്പിടിച്ചത്.
കെ.സുരേന്ദ്രന് (സംസ്ഥാന ജനറല്‍ സെക്രട്ടറി)
രാഷ്ട്രീയത്തിനതീതതമായി ജനങ്ങള്‍ ഏറ്റെടുത്തുവെന്നതാണ് വിമോചന യാത്രയുടെ പ്രധാന്യം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പൊതുസമൂഹം മുഴുവനായും യാത്രയോടൊപ്പമായിരുന്നു. അതിന് പ്രധാന കാരണം വിമോചന യാത്ര മുന്നോട്ട് വെച്ച മുദ്രാവാക്യമാണ്. തങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരെങ്കിലും ഉന്നയിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. യാത്ര സ്പര്‍ശിക്കാത്ത മേഖലയില്ല. എല്ലാ വിഭാഗം ജനങ്ങളും സ്വീകരിക്കാനെത്തി. യാത്രയുടെ വിജയത്തിന് കാരണമായ മറ്റൊരു ഘടകം യാത്രാനായകന് കുമ്മനത്തിന്റെ സ്വീകാര്യതയായിരുന്നു. സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതെല്ലാം ജനം തള്ളിക്കളയുന്ന കാഴ്ചയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലുമുണ്ടായ ജനപങ്കാളിത്തം. കുമ്മനത്തെ കേരളത്തിലെ ജനങ്ങള്‍ നേരിട്ട് മനസിലാക്കിയിരിക്കുന്നു.
ശോഭാ സുരേന്ദ്രന് (സംസ്ഥാന ജനറല്‍ സെക്രട്ടറി)
മറക്കാനാകാത്ത അനുഭവങ്ങളാണ് പൊതുപ്രവര്‍ത്തക എന്ന നിലയില്‍ വിമോചന യാത്ര നല്‍കിയത്. സാധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കാത്ത വിഷയങ്ങള്‍ മുദ്രാവാക്യമായി ഉയര്‍ത്തുക മാത്രമല്ല പ്രവൃത്തിയിലും യാത്ര വ്യത്യസ്തമായിരുന്നു. അമ്പലക്കുഴിയിലെ വനവാസി കോളനിയും ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ ലയവും സന്ദര്‍ശിച്ച് രാജേട്ടന് അവരോടൊപ്പം ഭക്ഷണം കഴിച്ചത് ഇതിനുദാഹരണമാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികളിലെ ആത്മാര്‍ത്ഥത മറ്റുള്ളവര്‍ക്കും പിന്തുടരാന് പ്രേരണയാകുന്നു. കോളനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യിലെ വള ഊരി നല്കാന് തനിക്ക് പ്രേണയായത് ഇതാണ്. സാധാരണക്കാരുടെ ഭാഷയിലാണ് രാജേട്ടന് സംസാരിക്കാറ്. അവരുടെ പ്രശ്നങ്ങളാണ് ഉന്നയിക്കാറ്. രാജേട്ടന്റെ പ്രസംഗം കേട്ട് മുന്‍നിരയിലിരുന്ന അമ്മമാര്‍ കരയുന്നത് മൂന്ന് വേദികളില്‍ നിന്നും ഞാന്‍ കണ്ടിട്ടുണ്ട്. എവിടെച്ചെന്നാലും നേരിട്ട് അറിയുന്ന ഒരുപാട് ആളുകളുണ്ടാകും അദ്ദേഹത്തിന്. ശരിക്കും ഒരു ജനനായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: