തെങ്ങിനിടയില്‍ ഏറ്റവും യോജിച്ചതും ആദായകരമായതുമായ ഇടവിളകളാണ് കിഴങ്ങുവര്‍ഗങ്ങള്‍. കുറഞ്ഞ പരിചരണത്തോട് ഏറ്റവുമധികം പ്രതികരിക്കുന്നവയാണ് കിഴങ്ങുവര്‍ഗത്തില്‍പ്പെട്ട എല്ലാ വിളകളും. തെങ്ങിനിടയില്‍ പ്രധാന വര്ഗവിളകള് ഇടവിളയായി കൃഷി ചെയ്യുന്ന രീതികളാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.
മരച്ചീനി
കിഴങ്ങുവര്‍ഗവിളകളില്‍ ഏറ്റവും പ്രധാനമായതും കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ ആദായം തരുന്നതുമായ വിളയാണ് കപ്പ. എച്ച്-165, ശ്രീവിശാഖം, എം-4 എന്നിവ തെങ്ങിന് തോപ്പില്‍ ഇടവിളയായി കൃഷിചെയ്യാന്‍ യോജിച്ച ഇനങ്ങളാണ്. തെങ്ങിന് ചുവട്ടില്‍നിന്ന് രണ്ട് മീറ്റര്‍ മാറ്റി 90ഃ90 സെ.മീറ്റര്‍ അകലത്തില്‍ കമ്പുകള്‍ നടാം. നടുന്നതിന് മുമ്പായി മേല്‍മണ്ണ് ഉദ്ദേശം 25-30 സെ.മീ. ആഴത്തില്‍ ഉഴുതോ കിളച്ചോ പാകപ്പെടുത്തി കളകള്‍ നീക്കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് 12.5 ടണ്‍ കാലിവളമോ, കമ്പോസ്റ്റോ നിലം തയ്യാറാക്കുമ്പോള്‍ ഇടണം. പത്തുമാസം മൂപ്പെത്തിയതും രണ്ടുമൂന്നു സെ.മീറ്റര്‍ വ്യാസമുള്ളതും ആരോഗ്യമുള്ളതും മുട്ടുറപ്പുള്ളതുമായ കമ്പുകള്‍ വേണം നടാനെടുക്കേണ്ടത്. ഇത്തരം കമ്പുകള്‍ തെരഞ്ഞെടുത്ത് നല്ല തണലില്‍ രണ്ടുമൂന്ന് മാസം വരെ സൂക്ഷിക്കാം. ചുവട്ടില്‍നിന്ന് 10 സെ.മീറ്ററും മുകളില്‍നിന്ന് മൂന്നിലൊന്ന് ഭാഗവും നീക്കിയശേഷം നടുഭാഗത്തുനിന്നും 15-20 സെ.മീറ്റര്‍ നീളത്തില്‍ കമ്പുകള്‍ മുറിച്ചെടുത്തു നടാം. നട്ട് ഒരു മാസത്തിനകം എതിര്‍ദിശയില്‍ വളരുന്ന ഏറ്റവും ആരോഗ്യമുള്ള രണ്ട് ചിനപ്പുകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ അടര്‍ത്തിക്കളയണം. ഒന്നര-രണ്ട് മാസത്തിനകം കമ്പിന് ചുറ്റും മണ്ണിളക്കി കളകള്‍ പറിച്ചു നീക്കിയശേഷം ചാണകപ്പൊടിയോ, കമ്പോസ്റ്റോ ഇട്ട് ചുവട്ടില്‍ മണ്ണ് ചേര്‍ത്ത് കൊടുക്കണം. ചാരവും കപ്പയ്ക്ക് നല്ലതാണ്. ഇതുകൂടാതെ രണ്ടുമാസത്തിനുശേഷം ഒരിക്കല്‍ കൂടി കളകള്‍ പറിച്ചു ചെടിച്ചുവട്ടില്‍ മണ്ണ് കൂട്ടി കൊടുക്കണം. ഒപ്പം ജൈവവള പ്രയോഗവും നടത്തണം. കപ്പയോടൊപ്പം പയറുപോലെയുള്ള മറ്റു പച്ചിലവളച്ചെടികളും ഇടവിളയായി വളര്‍ത്തി പിഴുത് ചേര്‍ക്കുകയും ചെയ്യാവുന്നതാണ്. വിളവെടുത്തയുടനെ ആരോഗ്യമുള്ള കമ്പുകള്‍ തെരഞ്ഞെടുത്ത് വീണ്ടും നടാനായി സൂക്ഷിക്കാം. കപ്പയുടെ വളര്‍ച്ചയെയും വിളവിനേയും ബാധിക്കുന്ന മൊസൈക്ക് രോഗത്തെ തടയാന്‍ തോട്ടത്തിലെ കളകള്‍ പൂര്‍ണമായും നീക്കം ചെയ്യുകയും രോഗമില്ലാത്ത ചെടികളില്‍നിന്നും മാത്രം കമ്പ് ശേഖരിക്കുകയും വിളവെടുത്തു കഴിഞ്ഞാലുള്ള അവശിഷ്ടങ്ങള്‍ മാറ്റി നശിപ്പിക്കുകയും വേണം. ഇലകളിലെ നീരൂറ്റി കുടിക്കുന്ന ചിലന്തി ചെള്ളിനെ തടയാന്‍ വളര്‍ന്നു നില്ക്കുന്ന ഇലകളില്‍ ഒലിച്ചിറങ്ങുന്ന വിധത്തില്‍ പത്തുദിവസം ഇടവിട്ട് വെള്ളം തളിച്ചു കൊടുക്കാവുന്നതാണ്.
ചേന
ഇടവിളയായി തെങ്ങിന് തോപ്പുകളില്‍ വിജയകരമായി കൃഷി ചെയ്യാവുന്ന മറ്റൊരു കിഴങ്ങുവര്‍ഗവിളയാണ് ചേന. നടുന്നതിനായി ഇടത്തരം വലിപ്പവും ഏകദേശം നാല് കി.ഗ്രാം തൂക്കവുമുള്ള കഷണങ്ങളായി മുറിച്ച് ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കി എടുക്കണം. നടുന്നതിന് മുമ്പായി രണ്ടുകി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ കാല് കിലോ ചാരവും മേല്‍മണ്ണുമായി ചേര്‍ത്ത് കുഴിയുടെ മുക്കാല്‍ ഭാഗത്തോളം മൂടണം. കുഴിയുടെ നടുവില്‍ വിത്ത് വച്ച് ബാക്കി മണ്ണിട്ട് മൂടി ചെറുതായി ചവിട്ടി ഉറപ്പിച്ചശേഷം പച്ചിലകളോ ചപ്പുചവറുകളോ ഇട്ട് കുഴി മുഴുവനായും മൂടണം. കുഴിയൊന്നിന് 100 ഗ്രാം വേപ്പിന് പിണ്ണാക്കും ഇടാവുന്നതാണ്. നട്ട് ഒരുമാസത്തിനകം മുള വരും. ഒരു ചുവട്ടില്‍നിന്ന് ഒന്നിലധികം കിളിര്പ്പ് വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്‍ക്കാലത്ത് ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ ചേനച്ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കാന് അനുവദിക്കരുത്. നടുമ്പോള്‍ മുതല്‍തന്നെ പച്ചിലകളോ ചപ്പുചവറുകളോ കൊണ്ട് പുതയിടുന്നത് കളശല്യം ഒഴിവാക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിലെ കായംകുളം പ്രാദേശിക കേന്ദ്രത്തില്‍ നടത്തിയ പഠനത്തില്‍നിന്നും പൂര്‍ണമായും ജൈവവളപ്രയോഗം നടത്തി ചേന കൃഷിചെയ്യാമെന്ന് കണ്ടെത്തി. ഓരോ കുഴിയിലും 2 കി.ഗ്രാം ചാണകം, 1 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ്, 50 ഗ്രാം സൂക്ഷ്മാണുവളങ്ങള്‍ എന്നിവയാണ് നല്‍കിയത്. ഗജേന്ദ്ര ഇനത്തിന് ഓരോ മൂടില്‍നിന്നും ശരാശരി 2 കി.ഗ്രാം വിളവ് ലഭിച്ചു. രോഗമില്ലാത്ത നടീല്‍ വസ്തു ഉപയോഗിക്കുകയും രോഗബാധയേറ്റ ചെടികള്‍ മാറ്റി നശിപ്പിക്കുകയും ചെയ്യുന്നത് കൂടാതെ കാലിവളത്തോടൊപ്പം ട്രൈക്കോ ഡെര്‍മയും ചേര്‍ത്ത് കൊടുക്കുന്നത് കുമിള്‍ മൂലമുണ്ടാകുന്ന കടചീയല്‍/മൂടുചീയല്‍ രോഗത്തെ ചെറുക്കാന്‍ സഹായിക്കും. നട്ട് 8-9 മാസങ്ങള്‍ കഴിഞ്ഞ് ചെടിയുടെ ഇലകള്‍ മഞ്ഞളിച്ച് തണ്ടുണങ്ങാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം.
ചേമ്പ്
ഇടവിള കൃഷിക്കായി ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമല്ലാത്ത 10-22 വര്‍ഷംവരെ പ്രായമായ തെങ്ങിന് തോട്ടങ്ങളില്‍ ആദായകരമായി കൃഷി ചെയ്യാന്‍ പറ്റുന്ന ഒരു കിഴങ്ങുവര്‍ഗ വിളയാണ് ചേമ്പ്. മെയ്-ജൂണ്‍ മാസങ്ങളാണ് ചേമ്പ് നടാന്‍ പറ്റിയ സമയം. 90 സെ.മീ. അകലത്തില്‍ വാരങ്ങളും ചാലുകളുമെടുത്തോ, കുഴികളെടുത്തോ, കൂന കൂട്ടിയോനടാം. ഒരു സെന്റ് സ്ഥലത്ത് 115 മൂടോളം ചേമ്പ് നടാം. തള്ള ചേമ്പ് 150-200 ഗ്രാം വലിപ്പത്തില്‍ മുറിച്ച് കഷണങ്ങളാക്കിയോ, 50-75 ഗ്രാം വലിപ്പമുളള വിത്തു ചേമ്പോ നടാനുപയോഗിക്കാം. നടുന്നതിന് മുമ്പായി ഒരു സെന്റിന് 50 കി.ഗ്രാം എന്ന കണക്കില്‍ ജൈവവളപ്രയോഗം നടത്തുക. നട്ടശേഷം പച്ചിലകളോ കരിയിലകളോകൊണ്ട് മൂടണം. ഒന്നരമാസംകൊണ്ട് വിത്ത് ചേമ്പുകള്‍ മുളയ്ക്കും. നട്ട് ഒന്നും രണ്ടും മാസങ്ങള്‍ക്ക് ശേഷം കളപറിയ്ക്കലും മണ്ണ് കൂട്ടിക്കൊടുക്കലും ജൈവവളപ്രയോഗവും നടത്തണം. ആരോഗ്യമില്ലാത്ത കിളിര്‍പ്പുകള്‍ രണ്ടാമത്തെ കളപറിക്കലിനും ഇടയിളക്കലിനുമൊപ്പം നീക്കം ചെയ്യണം.
കാച്ചില്, ചെറു കിഴങ്ങ്തെങ്ങിന്‍ തോപ്പില്‍ കാച്ചിലും കിഴങ്ങും ഇടവിളയായി കൃഷി ചെയ്യാം. ശ്രീകീര്‍ത്തി,ഇന്ദു, ശ്രീപ്രിയ എന്നിവ തെങ്ങിന് ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇനങ്ങളാണ്. ഒരു സെന്റ് സ്ഥലത്ത് 30 മൂട് കാച്ചിലും (90ഃ90 സെ.മീറ്റര്‍ അകലത്തില്‍) 55 മൂട് ചെറുകിഴങ്ങും (75ഃ75 സെ.മീറ്റര്‍) നടാന്‍ സാധിക്കും. നടുന്നതിനായി കാച്ചിലിന്റെ 200-250 ഗ്രാംതൂക്കം വരുന്ന മുറിച്ച കഷണങ്ങള്‍ ചാണക കുഴമ്പില്‍ മുക്കി തണലത്തുണക്കി സൂക്ഷിക്കുക. ചെറുകിഴങ്ങിന്റെ 100-150 ഗ്രാം തൂക്കമുള്ള മുഴുവന്‍ കഷണങ്ങളാണ് ഉപയോഗിക്കേണ്ടത്. നനകിഴങ്ങ് നടുന്നതിന് കൂനകളെടുക്കണം. നട്ടശേഷം പുതയിടുന്നത് കളനിയന്ത്രണത്തിനും മണ്ണില്‍ ചൂടും ഈര്‍പ്പവും നിലനിര്‍ത്തുന്നതിനും വേഗത്തില്‍ മുള വരുന്നതിനും സഹായിക്കും. രണ്ടാഴ്ചയ്ക്കുശേഷം കള പറിച്ച് മണ്ണ്‍കൂട്ടിക്കൊടുക്കുകയും വള്ളികളെ കയറുകെട്ടി തെങ്ങിലേക്ക് പടര്‍ത്തി കൊടുക്കുകയുംവേണം. കാച്ചില് നട്ട് 9-10 മാസം കഴിഞ്ഞും ചെറുകിഴങ്ങ് 8-9 മാസം കഴിഞ്ഞും വിളവെടുക്കാം.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് തെങ്ങിന് ഇടവിളയായി കൃഷി ചെയ്യാവുന്ന കിഴങ്ങുവര്‍ഗവിളയാണ്. ജൂണ്‍-ജൂലൈ, സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ മഴയെ ആശ്രയിച്ചോ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നനച്ചോ മധുരക്കിഴങ്ങ് കൃഷി ചെയ്യാം. 125-150 ഗ്രാം ഭാരമുള്ള കിഴങ്ങുകളോ വിളവെടുത്ത ഉടനെയുള്ള വള്ളികളോ തവാരണകളില്‍ നട്ട് ആവശ്യമുള്ള നടീല്‍ വസ്തുക്കള്‍ ഉണ്ടാക്കാം. നിലമൊരുക്കുമ്പോള്‍ തന്നെ കാലിവളമോ, കമ്പോസ്റ്റോ ഹെക്ടറൊന്നിന് 10 ടണ്‍ എന്ന തോതില്‍ ചേര്‍ക്കണം. നിലം ഉഴുത് നിരപ്പാക്കിയശേഷം 60 സെ.മീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ എടുത്ത് 20-25 സെ.മീറ്റര്‍ അകലത്തില്‍ കൂനകള്‍ കൂട്ടി ഓരോകൂനയിലും 3 മുതല്‍ 6വരെ വള്ളിത്തലപ്പുകള്‍ വീതവും നടാവുന്നതാണ്. രണ്ടോമൂന്നോ പ്രാവശ്യം കള പറിക്കലും ഇടയിളക്കലും മണ്ണ് കൂട്ടിക്കൊടുക്കലും ചെയ്യണം. മധുരക്കിഴങ്ങിന്റെ പ്രധാന ശത്രുവായ ചെള്ളിനെ നിയന്ത്രിക്കാന്‍ കീടബാധയില്ലാത്ത വള്ളികള്‍ മാത്രം നടാന്‍ ഉപയോഗിക്കുക. നട്ട് 30 ദിവസത്തിനുശേഷം ഹെക്ടര്‍ ഒന്നിന് 3 ടണ്‍ എന്ന കണക്കിന് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകള്‍കൊണ്ട് പുതയിടുന്നതും ചെള്ളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. നട്ട് മൂന്നര-നാല് മാസത്തിന് ശേഷം വിളവെടുക്കാം.
കൂവധാരാളം അന്നജം അടങ്ങിയതും എളുപ്പത്തില്‍ ദഹിക്കുന്നതും ഔഷധമൂല്യമുള്ളതുമായ വിളയായ കൂവ തെങ്ങിന് യോജിച്ച കിഴങ്ങുവര്‍ഗ വിളയാണ്. രോഗകീട ബാധയില്ലാത്തതും മുളയെങ്കിലും ഉള്ളതുമായ കിഴങ്ങുകള്‍ മെയ്-ജൂണ്‍ മാസങ്ങളില്‍ വാരങ്ങളില്‍ 50ഃ30 സെ.മീറ്റര്‍ അകലത്തില്‍ ചെറിയ കുഴികളെടുത്ത് നടാം. നടുമ്പോള്‍ മുള കുഴിയുടെ മുകളിലേക്ക് വരത്തക്ക വിധത്തില്‍ നടാന്‍ ശ്രദ്ധിക്കണം. കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തശേഷം പച്ചിലകളുപയോഗിച്ച് പുതയിടണം. രണ്ടോമൂന്നോ പ്രാവശ്യം കളകള്‍ നീക്കം ചെയ്തശേഷം മണ്ണ് കൂട്ടിക്കൊടുക്കണം. നട്ട് 7 മാസത്തിനുശേഷം ഇലകള്‍ ഉണങ്ങിത്തുടങ്ങുമ്പോള്‍ വിളവെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: