കൊച്ചി: ത്യാഗവും ധാര്‍മ്മികതയും പഠിക്കാന്‍ ഇന്നത്തെ ഭരണാധികാരികള്‍ രാമായണം വായിച്ചുകൊണ്ടേയിരിക്കണമെന്ന് ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ. ശ്രീരാമ നവമി ആഘോഷത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് എറണാകുളത്തപ്പന് മൈതാനത്ത് നടത്തിയ ഹിന്ദു മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനവും ദീപ പ്രോജ്വലനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ധര്മ്മത്തിനുവേണ്ടിയാണ് ശ്രീരാമന് ത്യാഗങ്ങള്‍ സഹിച്ചത്. പക്ഷേ, ഇന്നത്തെ ഭരണാധികാരികള്‍ ഒന്നും ത്യജിക്കാന്‍ തയ്യാറാകുന്നവരല്ല. അവര്‍ രാമായണം നിരന്തരം വായിക്കണം. രാഷ്ട്രീയം, മതം, ജാതി എന്നിവ മറന്നുകൊണ്ടുവേണം ഭാരതീയ സംസ്കാരത്തെക്കുറിച്ച് പഠിക്കണം. ഭാരരത്തിന്റെ ആദര്‍ശവും സംസ്കാരവും പഠിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാ ബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
മതത്തെ നിന്ദിക്കുന്നവര്‍ മതേതരവാദികളും മതത്തെ ആദരിക്കുന്നവര്‍ വര്‍ഗീയവാദികളുമായി ചിത്രീകരിക്കുന്ന കാലമാണിതെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ എറണാകുളം ചിന്മയ മിഷനിലെ സ്വാമി സത്യാനന്ദ സരസ്വതി പറഞ്ഞു. മറ്റുള്ള മതക്കാരുടെ വെറുപ്പ് സമ്പാദിച്ചല്ല, സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വേണം ഹൈന്ദവ ധര്‍മ്മം പ്രചരിപ്പിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഎച്ച്പി അഖില ഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി മിലന് പരാന്തേ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് കര്‍സേവകരെയും സംസ്ഥാന മഠമന്ദിര്‍ പ്രമുഖ് ആര്. ബാബു ദമ്പതികളെയും ആദരിച്ചു. വിഎച്ച്പി. വിഭാഗ് സെക്രട്ടറി കെ. അരവിന്ദാക്ഷന് അധ്യക്ഷനായി.
കെ.എന്‍. വെങ്കിടേശ്വരന്, അഡ്വ.എസ്. സുഭാഷ്, രംഗദാസ പ്രഭു, പി. കെ. എന്‍. പിള്ള, ലക്ഷ്മി എസ്. റാവു, സരള എസ്. പണിക്കര്‍, രാജേഷ് ചന്ദ്രന്, സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാമനവമി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എസ്. സഞ്ജയന് സ്വാഗതവും വി.എച്ച്.പി. ജില്ലാ സെക്രട്ടറി എസ്. അജിത് കുമാര്‍ നന്ദിയും പറഞ്ഞു. ആര്യാ സഞ്ജയന്, അശ്വതി ബിജുകുമാര്‍ എന്നിവര്‍ പ്രാര്‍ത്ഥന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: