തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളുടെ സിനിമകള്‍ക്കും ഇടം നല്‍കണമെന്നു സംവിധായകന്‍ ജയരാജ്. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആദരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്കു കലോത്സവത്തില്‍ മത്സര വേദിയൊരുക്കിയാല്‍ ലോകോത്തര ചലച്ചിത്രകാരന്മാര്‍ കേരളത്തില്‍നിന്നും വളര്‍ന്നുവരുമെന്നും ജയരാജ് പറഞ്ഞു.
200ഓളം സഹപ്രവര്‍ത്തകരോടൊന്നിച്ചു ചിത്രാഞ്ജലിയില്‍ സിനിമാ ഷൂട്ടിങ് നടത്തുന്നതിനിടയിലാണു കലോത്സവ വേദിയിലെത്തിയത്. കലോത്സവത്തിനു താന്‍ അത്രയും പ്രാധാന്യം നല്‍കുന്നതിനാലാണു തിരക്കുകള്‍ക്കിടിയിലും കുരുന്നുകളുടെ ഉത്സവത്തിനെത്തിയത്. ഇന്ന് ഉയര്‍ന്നു നില്‍ക്കുന്ന കലഹങ്ങള്‍ക്കെല്ലാമുള്ള പ്രതിവിധിയായി കലയെ കാണണം. കലയിലൂടെ മാത്രമേ കലാപങ്ങള്‍ക്കും കലഹങ്ങള്‍ക്കും സ്‌നേഹപൂര്‍വം പരിഹാരം കാണാനാകൂ. ഒരു നാടിന്റെ നന്മ മുഴുവന്‍ സയോജിപ്പിക്കുകയാണ് ഓരോ കലോത്സവവും. താന്‍ എപ്പോഴും പരാജയപ്പെടുന്നവരുടെ കൂടെയാണെന്നും ജയരാജ് പറഞ്ഞു. മത്സരവേദികളിലെ തുടര്‍ച്ചയായ പരാജയങ്ങളെ അതിജിവീച്ചതുകൊണ്ടാണു തനിക്ക് ഇവിടെവരെ എത്താനായത്. പരാജയത്തില്‍ പിന്നോട്ട് നില്‍ക്കാതെ ശ്രമങ്ങള്‍ തുടര്‍ന്ന് വിജയത്തിലെത്താന്‍ ശ്രമിക്കണമെന്നും ജയരാജ് പറഞ്ഞു.
















