തിരുവനന്തപുരം: ഹൈസ്ക്കൂള് വിഭാഗം കേരളനടനം മത്സരത്തില്‍ കഥകളിയിലെ കിരാതം ആട്ടക്കഥയുമായി അനര്‍ഘ വേദിയിലെത്തിയപ്പോള്‍ പ്രോത്സാഹനം നല്കാന് വളര്ത്തച്ഛന് രാധാകൃഷ്ണനും ഭാര്യ ലേഖയും നൃത്ത അധ്യാപകന് അജയനും. ഒന്നര വയസ്സുള്ളപ്പോള്‍ അനര്‍ഘയുടെ അമ്മ മരിച്ചു. കുറച്ച് മാസങ്ങള്‍ക്കു ശേഷം അച്ഛനും.
അനാഥത്വത്തില്‍ നിന്നും അനഘയെ ബന്ധുവായ രാധാകൃഷ്ണന് തന്റെ രണ്ടു പെണ് മക്കളോടൊപ്പം കൂടെ കൂട്ടുകയായിരുന്നു. വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിലും അനാഥത്വവും ഇല്ലായ്മയും എന്തെന്ന് ഇതുവരെയും അനഘ അറിഞ്ഞിട്ടില്ല. ഓട്ടോ റിക്ഷാ തൊഴിലാളിയായ രാധാകൃഷ്ണന് സാമ്പത്തികം മറന്ന് തന്റെ രണ്ടു പെണ്‍കുട്ടികളോടൊപ്പം അനഘയെ വളര്‍ത്തി. ബുദ്ധിമുട്ട് സഹിച്ച് കോടതി വിധിയിലൂടെ കലോത്സവ വേദിയിലും എത്തിച്ചു.
തിരുവനന്തപുരം നാലാഞ്ചിറ സെന്റ് തൊറൈറ്റീസ് എച്ച്എസിലെ പത്താംതരം വിദ്യാര്‍ത്ഥിയായ അനര്‍ഘ ലോകായുക്ത വിധിയുമായാണ് മത്സരിക്കാന്‍ എത്തിയത്. ജില്ലാതല മത്സരത്തില്‍ അര മാര്‍ക്കിന്റെ കുറവില്‍ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. അപ്പീല്‍ നല്‍കിയെങ്കിലും ഡിഡി അപ്പീല്‍ അനുവദിച്ചില്ല. തുടര്‍ന്ന് ലോകായുക്തയെ സമീപിച്ച് വിധിനേടിയെടുത്തു. കോടതി ചിലവിനുള്ള തുകയൊന്നും ആട്ടോറിക്ഷാ തൊഴിലാളിയായ രാധാകൃഷ്ണന്റെ കൈവശം ഇല്ല. കടം വാങ്ങി കോടതി ചിലവിനുള്ള തുക കണ്ടെത്തുകയായിരുന്നു.
നൃത്തം പഠിക്കുന്നത് നാലാഞ്ചിറയിലെ ഒരു കൂട്ടം സന്മനസ്സുള്ള അധ്യാപകരുടെ കാരുണ്യം കൊണ്ട്. പഠനത്തില്‍ മിടുക്കിയായ അനര്‍ഘയുടെ വിദ്യാഭ്യാസ ചെലവും ഡാന്‍സ് അക്കാദമിയിലെ അധ്യാപകര്‍ നല്‍കുന്നുണ്ട്. സ്കൂള്‍ അധികൃതരുടെ പരിപൂര്‍ണ്ണ പിന്തുണ കൂടി ആയപ്പോള്‍ ഇല്ലായ്മകള്‍ മറന്ന് അനര്‍ഘ പഠനത്തിലും നൃത്തത്തിലും മികവ് തെളിയിക്കുന്നു. നലാഞ്ചിറ വേടന്‍വിള വീട്ടിലാണ് രാധാകൃഷ്ണനും കുടുംബവും വാടകക്ക് താമസിക്കുന്നത്. കേരള നടനത്തോടൊപ്പം ഭരത നാട്യത്തിലും നാടോടി നൃത്തത്തിലും മികവ് തെളിയിച്ചിട്ടുള്ള അനര്‍ഘ കഴിഞ്ഞ തവണ ജില്ലയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും അപ്പീലിനു പോകാന്‍ പണം ഇല്ലാത്തതിനാല്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ആറുമാസം കൊണ്ട് പരിശീലിച്ച കേരളനടനത്തിന് എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: