അഭിനയ മികവും അവതരണഗാംഭീര്യവും കൊണ്ട് ആസ്വാദക ഹൃദയങ്ങള്‍ക്ക് വേറിട്ട അനുഭവമൊരുക്കി കലോത്സവത്തില്‍ നങ്ങ്യാര്‍കൂത്ത് മത്സരം. ഹൈസ്കൂള്‍ വിഭാഗം നങ്ങ്യാര്‍കൂത്ത് മത്സരമാണ് മത്സരാര്‍ഥികളുടെ മികച്ച പ്രകടനത്താല്‍ തികച്ചും വ്യത്യസ്തത പുലര്‍ത്തിയത്. നിമിഷാര്ധത്തിനിടെ മിന്നിമറയുന്ന രസമേളങ്ങളും ചടുലമായ ഭാവപ്പകര്‍ച്ചകളും അര്‍ഥസമ്പുഷ്ടമായ മുദ്രകളും അംഗചലനങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ പുരാണകഥാപാത്രങ്ങള്‍ക്ക് വേദിയില്‍ ജീവന്‍വച്ചു. മിക്കവരും പൂതനാമോക്ഷമാണ് അവതരിപ്പിച്ചത്. ചിലര്‍ ശ്രീകൃഷ്ണന്റെ ഗോവര്‍ധനോദ്ധാരണം പ്രമേയമാക്കിയപ്പോള്‍ കംസവധവും കാളിയമര്‍ദ്ദനവും അരങ്ങിലെത്തി.
രണ്ട് അപ്പീലടക്കം പതിനാറുപേരാണ് നങ്ങ്യാര്‍കൂത്തില്‍ മത്സരിക്കാനെത്തിയത്. ഓരോന്നും മത്സരാര്‍ഥികളുടെ അഭിനയപാടവും ആംഗികാഭിനയത്തിലെ അച്ചടക്കവും വിളിച്ചോതുന്നതായിരുന്നു. ക്ഷേത്രകലകളുടെ മഹത്ത്വം ഊട്ടിഉറപ്പിക്കുന്നതായിരുന്നു ഓരോ പ്രകടനവും. മത്സരിക്കാന്‍ വന്ന കുട്ടികളുടെ ബന്ധുക്കളും ആചാര്യന്മാരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരും അടങ്ങുന്ന ചെറിയ സദസ്സിന് മുന്നിലാണ് നങ്ങ്യാര്‍കൂത്ത് അരങ്ങേറിയത്.
കണ്ണൂര്‍ ചൊക്ലി രാമവിലാസം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥി നിഹാരിക എസ്. മോഹനാണ് നങ്ങ്യാര്‍കൂത്തില്‍ ഒന്നാമതെത്തിയത്. കാളിയമര്‍ദ്ദനമാണ് നിഹാരിക രംഗത്ത് അവതരിപ്പിച്ചത്. വയനാട് ബത്തേരി അസംപ്ഷന്‍ എച്ച്എസിലെ തീര്‍ഥ രാജേഷ് രണ്ടാം സ്ഥാനവും അപ്പീലിലൂടെ വന്ന മലപ്പുറം അങ്ങാടിപ്പുറം ടിഎച്ച്എസിലെ വിപഞ്ചിക കൃഷ്ണ മൂന്നാം സ്ഥാനവും നേടി.വാസന്തി നാരായണന്, കെ.പി. ബാബുദാസ്, കലാമണ്ഡലം രാധാകൃഷ്ണന് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: