യക്ഷഗാനത്തില്‍ പതിറ്റാണ്ടിന്റെ വിജയത്തിളക്കത്തിലാണ്കാസര്കോട് കുമ്പള ഗ്രാമത്തിലെ ബായാര്‍ വീട്ടില്‍ ശേഖര്‍മാഷും ശിഷ്യരും. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ യക്ഷഗാനം മത്സര ഇനമാക്കിയതു മുതല്‍ തുടര്‍ച്ചയായ വിജയമാണ് കാസര്‍കോടിനുള്ളത്. ഇക്കുറി മംഗല്വാടി ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികളുമായാണ് മാഷ് മത്സരത്തിനെത്തിയത്. അമ്പതാം വയസ്സിലും മാഷിന് പറയാനുള്ളത് പതിനഞ്ചാംവയസ്സില്‍ തുടങ്ങിയ യക്ഷഗാന അധ്യാപകവൃത്തിയെക്കുറിച്ചാണ്.
അച്ഛന് ഐത്തപ്പ ഷെട്ടിയില്‍ നിന്നാണ് ആറ് സഹോദരങ്ങള്‍ക്കൊപ്പം ശേഖര്‍മാഷ് യക്ഷഗാനത്തിന്റെ ബാലപാഠം അഭ്യസിച്ചു തുടങ്ങിയത്. ചെമ്മാട് സര്‍ക്കാര്‍ യുപി സ്കൂളിലെ അധ്യാപകനായെത്തുമ്പോഴും യക്ഷഗാനമെന്ന കലയെ വളര്‍ത്തുകയെന്ന ദൃഢനിശ്ചയിത്തിലായിരുന്നു. ഇന്ന് കാസര്‍കോട് ജില്ലയില്‍ നിരവധി സ്കൂളുകളിലെ കുട്ടികള്‍ക്ക് അദ്ദേഹം യക്ഷഗാനം അധ്യാപകനാണ്.
18-ാം നൂറ്റാണ്ടില്‍ കുമ്പളയിലാണ് യക്ഷഗാനത്തിന്റെ പിറവി. ഹൈന്ദവ സങ്കല്‍പ്പപ്രകാരം യക്ഷലോക വാസികളുടെ കലയാണ് യക്ഷഗാനം. ആദ്യകാലത്ത് ലളിതമായ താളച്ചുവടകളില് കഥ പറഞ്ഞിരുന്ന യക്ഷഗാനത്തിന് കുമ്പള ഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നമ്പീശ ജോലിയിലിരുന്ന പാര്‍ത്തി സുബ്ബ പുതിയ രൂപം നല്‍കുകയായിരുന്നു. തെക്കന്‍ കേരളത്തിലേക്കുള്ള സഞ്ചാരവേളയില്‍ കൃഷ്ണനാട്ടം, കഥകളി, ഓട്ടന്തുള്ളല് എന്നിവയെ അടിത്തറിഞ്ഞ പാര്‍ത്തി സുബ്ബ മുദ്രകളും താളച്ചുവടുകളും യക്ഷഗാനത്തിലേക്കും സമന്വയിപ്പിക്കുകയായിരുന്നു. 19-ാം നൂറ്റാണ്ടോടെ യക്ഷഗാനത്തിന് പ്രചാരം സിദ്ധിച്ചുതുടങ്ങി. കേരളീയ കലയായി രൂപം കൊണ്ടതാണെങ്കിലും കര്‍ണാടക സര്‍ക്കാരാണ് യക്ഷഗാനത്തെ ക്ഷേത്ര കലയായി ഉയര്‍ത്തി ഏറെ പ്രചാരം നല്‍കിയത്. തെക്കന്‍, വടക്കന്‍ എന്നിങ്ങനെ രണ്ടുശൈലിയിലാണ് യക്ഷഗാനം ഇന്ന് അവതരിപ്പിക്കുന്നത്. കേരളത്തില്‍ തെക്കനാണ് പ്രാധാന്യം. ധര്‍മസ്ഥലയിലെ ലളിതകലാ അക്കാദമിയും തെക്കന്‍ ശൈലിയാണ് പരിശീലിപ്പിക്കുന്നത്. കാല്‍മുട്ടില്‍ നിന്നുള്ള യക്ഷഗാന നൃത്തം വടക്കനില്‍ ഉള്‍പ്പെടുത്തിയാണ് ഉഡുപ്പിയിലെ പരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
യക്ഷഗാനത്തില്‍ പ്രധാനമായും കിരീടം, പൂണ്ടു, ബണ്ണത, പെണ്, ഹാസ്യം, സ്ത്രീ, ജന്തു തുടങ്ങിയ വേഷങ്ങളാണുള്ളത്. ഭാഗവതം, മഹാഭാരതം, രാമായണം എന്നിവയെ ആസ്പദമാക്കി രചിക്കപ്പെട്ടതാണ് യക്ഷഗാന കവിതകള്‍. ഇത് പ്രത്യേക ഈണത്തില്‍ ചൊല്ലി നൃത്തരൂപത്തില്‍ വേദിയില്‍ അഭിനയിക്കുകയാണ് ചെയ്യുന്നത്. ഇന്ന് ക്ഷേത്രകലകളില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും ആരാധനാ കലയായാണ് മലബാറുകാര്‍ ഇതിനെ കാണുന്നത്.
ഗ്രാമോത്സവമായി വൃശ്ചികം ഒന്നു മുതല്‍ ഇടവം വരെ അരങ്ങേറുന്ന യക്ഷഗാനം വയലാട്ടമെന്ന പേരിലും അറിയപ്പെടുന്നു.
ഇതിന്റെ മറ്റൊരു രൂപമാണ് താളമദ്ദളയെന്ന കലാസൃഷ്ടി. ഇതിന് അണിഞ്ഞൊരുങ്ങളോ ആടയാഭരണങ്ങളോ നൃത്തച്ചുവടുകളോ ഇല്ല. പാട്ടിന്റെ ഈണമനുസരിച്ച് കഥാപാത്രങ്ങള്‍ ഭാവപ്രകടനം നടത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ ഇതിന് പ്രചാരം കുറവാണെന്നും ശേഖര്‍ മാഷ് പറയുന്നു. 1990 ല്‍ പ്രദര്‍ശന കലയായി എത്തിയ യക്ഷഗാനത്തെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ കാസര്‍കോട് ജില്ലയുടെ കഠിന പ്രയത്നമാണുള്ളത്. ഇക്കുറി കാസര്‍കോടുകാരനായ എം. മാധവന് മാസ്റ്ററുടെ പരിശീലനത്തില്‍ ഒമ്പത് ജില്ലകളില്‍ നിന്നായി കുട്ടികള്‍ യക്ഷഗാന മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: